കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (വാസുകി, അനന്തന്‍) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവസര്‍പ്പവും മഹാദേവന്റെ കണ്ഠാഭരണവുമായ ‘വാസുകിയും’, നാഗാമാതാവായ ‘സര്‍പ്പയക്ഷിയുമാണ്’ മുഖ്യ പ്രതിഷ്ഠ. നാഗരാജാവിന്റെ മറ്റൊരു രാജ്ഞിയായ ‘നാഗയക്ഷിയും’ സഹോദരി ‘നാഗചാമുണ്ഡിയുമാണ്’ മറ്റു പ്രതിഷ്ഠകള്‍. ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഇല്ലത്തിന്റെ നിലവറയില്‍ വിഷ്ണുസര്‍പ്പവും മഹാവിഷ്ണുവിന്റെ ശയനവുമായ ‘അനന്തന്‍ (ആദിശേഷന്‍)’ കുടികൊള്ളുന്നു. ‘അപ്പൂപ്പന്‍’ എന്നാണ് ശേഷനാഗം അറിയപ്പെടുന്നത്. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. ഈ ക്ഷേത്രത്തില്‍ മഹാഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, പരമശിവന്‍, ധര്‍മ്മശാസ്താവ് എന്നീ ഉപദേവതകളുണ്ട്. നാഗദേവതകളുടെ വിശ്വാസികള്‍ക്ക് ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ഇവിടം.
ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശാല ഇല്ലത്തെ തല മുതിര്‍ന്ന സ്ത്രീ ആണ്. ‘വലിയമ്മ’ എന്ന പേരിലാണ് ഈ പുരോഹിതയായ അന്തര്‍ജ്ജനം അറിയപ്പെടുന്നത്. നാഗരാജാവിന്റെ ‘അമ്മയുടെ’ സ്ഥാനമാണ് വലിയമ്മക്ക് സങ്കല്പിച്ചിരിക്കുന്നത്. മക്കളില്ലാതെ വിഷമിച്ച ഇല്ലത്തിലെ തികഞ്ഞ ഭക്തയായ അമ്മക്ക് മകനായി നാഗരാജാവായ അനന്തന്‍ അവതരിച്ചു എന്നാണ് കഥ. ഈ ക്ഷേത്രത്തില്‍ ‘ഉരുളി കമഴ്ത്തല്‍’ വഴിപാട് നടത്തി പ്രാര്‍ഥിച്ചാല്‍ അനേകകാലം ചികിത്സ ചെയ്തിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ക്ക് സന്താനഭാഗ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കൂടാതെ കുടുംബത്തിന്റെ അഭിവൃദ്ധിക്കും, മക്കളുടെ അഭിവൃദ്ധിക്കും, സര്‍പ്പദോഷം അകലുമെന്നുള്ള വിശ്വാസവും ഭക്തരെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു.
Post Your Comments