ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ പുതിയ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കുകയാണ് ബി.ജെ.പി. ജവാന്മാരുടെയും യുദ്ധവിമാനങ്ങളുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുമൊക്കെ ചിത്രങ്ങള്‍ പതിച്ച സാരികള്‍ നിര്‍മ്മിക്കുകയാണ് ബി.ജെ.പിയുടെ പുതിയ പ്രചരണ തന്ത്രം. സൂറത്തിലെ തുണി മില്ലുകളില്‍ നിന്നായിരിക്കും സാരികള്‍ നിര്‍മ്മിക്കുകയെന്ന് ബി.ജെ.പിയുടെ ക്രിയേറ്റീവ് ടീം മേധാവി ആശിഷ് ജെയിന്‍ പറഞ്ഞു.
വ്യോമാക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളെക്കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തുടങ്ങി നിരവധി ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ പതിപ്പിച്ച വിവിധയിനം സാരികളും ഉല്‍പാദിപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെ മഹിളാ സെല്‍ വഴി ഓര്‍ഡറുകള്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി സാരികള്‍ വിപണിയിലെത്തിക്കുമെന്ന് ബി.ജെ.പി മഹിള മോര്‍ച്ച അധ്യക്ഷ മധു ശര്‍മ്മ പറഞ്ഞു.
ഇവയെക്കൂടാതെ നേതാക്കളുടെ കട്ടൗട്ടുകള്‍, പോസ്റ്ററുകള്‍, വളകള്‍, വാച്ചുകള്‍, കാവിയും പച്ചയും നിറങ്ങളില്‍ താമര ചിഹ്നം പതിപ്പിച്ച ഹെല്‍മെറ്റുകള്‍ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കാവശ്യമായ എല്ലാതരം സാധനങ്ങളും ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. ലാഭമോ നഷ്ടമോ വരാതെയാണ് വിപണി നടക്കുകയെന്ന് ഔട്ട്‌ലെറ്റുകളുടെ ചുമതലയുള്ള ഗുപ്ത അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രചരണത്തിനാവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കേന്ദ്രത്തില്‍ ഇത് പ്രകാശനം ചെയ്യും. ജയ്പൂരിലെ രാജസ്ഥാന്‍ ബി.ജെ.പി സംസ്ഥാന ഘടകം ഓഫീസിനോട് ചേര്‍ന്നാണ് ഈ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്തി പ്രകാശ് ജാവേദ്കര്‍ ഔട്ട്‌ലെറ്റുകള്‍ ഉദ്ഘാടനം ചെയ്യും.
Post Your Comments