വയനാട്: രണ്ടാളെ കൊലപ്പെടുത്തിയ വയനാട് വന്യജിവി സങ്കേതത്തിലെ വടക്കനാട് കൊമ്പനെ നാളെ പിടികൂടും. നാളെ മയക്കുവെടിവച്ച് വീഴ്ത്തിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലെ പ്രത്യേകം തയ്യാറാക്കിയ ആനപന്തിയിലേക്ക് കൊമ്പനെ കൊണ്ടു വരാനാണ് തീരുമാനം. വടക്കനാട് കൊമ്പനെ കാട്ടില്‍ തുറന്നു വിടണോ അതോ കുങ്കിയാനയാക്കണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.
മുത്തങ്ങ ആനപ്പന്തിയില്‍ നേരത്തെ പിടികൂടിയ കലൂര്‍ കൊമ്പനടുത്തായി വടക്കനാട് കൊമ്പന് കൂടൊരുക്കിയിട്ടുണ്ട്. മയക്കുവെടി വച്ചു വീഴ്ത്തിയ ശേഷം കൊമ്പനെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നത് വനം വകുപ്പിന്റെ കുങ്കിയാനകളായ നീലകണ്ഠനും, സൂര്യനും, പ്രമുഖയും ചേര്‍ന്നായിരിക്കും.
രണ്ടു വര്‍ഷമായി വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും താമസിക്കുന്നവരുടെ പേടിസ്വപ്നമാണ് വടക്കനാട് കൊമ്പന്. ഇതിനോടകം രണ്ടുപേരുടെ ജീവന് കൊമ്പന് എടുത്തു. എല്ലാ വര്‍ഷവും അഞ്ഞൂറേക്കറിലധികം കൃഷിയാണ് ആന നശിപ്പിക്കുന്നത്. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുന്‍പ് മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. ഇതോടെയാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടാന്‍ വനം വകുപ്പ് തീരുമാനിച്ചത്.
Post Your Comments