പള്ളിക്കത്തോട്: വൈദ്യുതി മന്ത്രി എം എം മണിക്ക് പത്താംക്ലാസുകാരി കത്ത് അയച്ചു. വീട്ടില്‍ വൈദ്യുതി ഇല്ലെന്നും തന്റെ പരീക്ഷക്കാലമാണിതെന്നും കാണിച്ച് ആര്‍. അഞ്ജലിയാണ് മന്ത്രിക്ക് കത്ത് അയച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ അഞ്ജലിക്ക് വൈദ്യുതി ലഭിച്ചു. വൈദ്യുതി വെളിച്ചത്തില്‍ പഠിച്ച് കാഞ്ഞിരമറ്റം ഈട്ടിക്കല്‍ ആര്‍. അഞ്ജലിക്ക് ഇനി പരീക്ഷയെഴുതാം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഖേനയാണ് കഴിഞ്ഞ ദിവസം മന്ത്രിക്ക് കത്തയച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നു പള്ളിക്കത്തോട് സെക്ഷന്‍ ഓഫിസിലെ അസി. എന്‍ജിനീയര്‍ കെ.വിനോദിന് മന്ത്രി അടിയന്തര നിര്‍ദേശം നല്‍കി. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും ലൈന്‍ വലിക്കുന്നതിന് സമീപവാസികളുടെ അനുവാദം വേണമെന്ന് കാണുകയും ചെയ്തു. അയല്‍വാസികളുമായി ചര്‍ച്ച നടത്തി സമ്മതം വാങ്ങിയതോടെ നടപടികള്‍ വേഗത്തിലായി. പരാതി ലഭിച്ചതിന്റെ അടുത്ത ദിവസം തന്നെ 2 പോസ്റ്റ് നാട്ടി 40 മീറ്റര്‍ ലൈന്‍ വലിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ സാധിച്ചു. കെ.രാജേഷിന്റെ മകളാണ് അഞ്ജലി. കൂലിപ്പണിക്കാരനായ രാജേഷിന് സൗജന്യമായാണ് ലൈന്‍ വലിച്ച് കണക്ഷന്‍ നല്‍കിയത്.
Post Your Comments