ദോഹ : ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആദ്യമായി കോടികള്‍ മൂല്യമുള്ള കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍. മിച്ച ബജറ്റും ഉയര്‍ന്ന എണ്ണ വിലയും കാരണമുണ്ടായ മികച്ച സാമ്പത്തിക സ്ഥിതിയാണ് കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങളാണ് ഖത്തര്‍ വിറ്റഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന എണ്ണ വിലയുടെയും എല്‍.എന്‍.ജി കയറ്റുമതിയുടെയും പശ്ചാത്തലത്തില്‍ 118 കോടി ഡോളറിന്റെ മിച്ച ബജറ്റാണ് ഈ വര്‍ഷം ഖത്തര്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ പദ്ധതിച്ചെലവുകള്‍ക്കായി കടപ്പത്രം പുറത്തിറക്കേണ്ട ആവശ്യം രാജ്യത്തിനില്ല.
ഈ സാഹചര്യത്തില്‍ കടപ്പത്ര വിപണിയിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ് ഖത്തറിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഖത്തര്‍ നേരത്തെ പുറത്തിറക്കിയ 250 കോടി ഡോളറിന്റെ കടപ്പത്ര കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകും.
ഈ വര്‍ഷം മിഡിലീസ്റ്റിലെ ഏറ്റവും വലിയ കടപ്പത്ര വില്‍പ്പനയാകും ഇതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ ഈ വര്‍ഷം ജനുവരിയില്‍ 750 കോടി ഡോളറിന്റെ കടപ്പത്ര വില്‍പ്പന നടത്തിയിരുന്നു
Post Your Comments