പുൽവാമ: ജലന്ധർ ഗ്രനേഡ് ആക്രമണക്കേസിലെ മുഖ്യപ്രതി അമീർ നസീറിനെ എൻഐഎ അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരയിൽ നിന്നാണ് ഇയാൾ പിടിയിലായത്.കഴിഞ്ഞ സെപ്റ്റംബർ പതിന്നാലാം തീയതി ജലന്ധറിലെ മക്സൂദൻ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിലേക്ക് ഗ്രനേഡുകൾ എറിഞ്ഞ സംഭവത്തിൽ പൊലീസുകാരന് പരിക്കേറ്റിരുന്നു. കശ്മീർ ആസ്ഥാനമായുള്ള അൻസാർ ഗസാവത്തുൽ ഹിന്ദ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ഫാസിൽ ബഷീർ പിഞ്ചൂ, ഷാഹിദ് ഖയൂം എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിലെ മറ്റ് രണ്ട് പ്രതികളായ റൗഫ് അഹമ്മദ് മിർ, ഉമർ റംസാൻ തുടങ്ങിയവർ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 2018 ഡിസംബർ 22ന് കൊല്ലപ്പെട്ടിരുന്നു. ജലന്ധർ പൊലീസ് സ്റ്റേഷനിൽ എഫ് ഐആർ രേഖപ്പെടുത്തിയ കേസിൽ തുടരന്വേഷണം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുക്കുകയായിരുന്നു. അൻസാർ ഗസാവത്തുൽ ഹിന്ദ് മേധാവി സാക്കിർ മൂസയുടെ നിർദ്ദേശപ്രകാരം ഗ്രനേഡുകൾ എത്തിക്കുകയും അവ നേരിട്ട് പ്രയോഗിക്കുകയും ചെയ്ത അമീർ നസീറാണ് കേസിലെ പ്രധാനപ്രതിയെന്ന് എൻഐഎ വ്യക്തമാക്കി.
കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ മൊഹാലിയിലെ സ്പെഷ്യൽ എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. താഴ്വരയിലെ സംഘാംഗങ്ങളും സംഘത്തലവൻ മൂസയും തമ്മിലുള്ള പ്രധാന കണ്ണിയാണ് ഇയാളെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
Post Your Comments