ന്യൂഡല്‍ഹി: കെജ്രിവാളുമായി സീറ്റ് പങ്കിടാന്‍ ഷീലാ ദീക്ഷിത്ത് തയ്യാറായിട്ടും സഖ്യ ശ്രമങ്ങൾ നടക്കാതെ പോയത് റോബർട്ട് വാദ്രയുടെ ഇടപെടൽ മൂലമെന്ന് സൂചനകൾ. എന്നാൽ ആം ആദ്മി പാർട്ടിക്ക് ഒറ്റയ്ക്ക് നിന്നാൽ ഒരു സീറ്റ് പോലും ഇനി ലഭിക്കില്ലെന്നും ഡൽഹി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഒറ്റക്ക് നിന്നാൽ നിലനില്പില്ലെന്ന് തിരിച്ചറിഞ്ഞാണ് കെജ്‌രിവാൾ കോൺഗ്രസ്സുമായി എന്ത് സഖ്യത്തിനും തയ്യാറായതെന്നും സൂചനയുണ്ട്. ഇതാണ് കോൺഗ്രസ് മുളയിലേ നുള്ളിയെറിഞ്ഞത്.
രാജ്യത്ത് ആം ആദ്മി തരംഗം അവസാനിച്ചതായും കോൺഗ്രസിന്റെ അഴിമതിക്കെതിരെ ഉണ്ടായ പാർട്ടി കോൺഗ്രസ്സുമായി തന്നെ സഖ്യ ശ്രമം നടത്തിയതിലും പ്രവർത്തകർക്കിടയിലെ അതൃപ്തി ഉണ്ട്. രാഹുല്‍ ഗാന്ധി ഇടപെട്ടിട്ടും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി(ആപ്പ്)യുമായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം വേണ്ടെന്ന നിലപാടിലുറച്ച് പി.സി.സി. നേതൃത്വം നിന്നത് വാദ്രയുടെ ഇടപെടല്‍ കാരണമായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ ഉള്‍പ്പെടെ തനിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അധികാരത്തിലെത്തിയ കെജ്രിവാളിനും ആപ്പിനും ഒപ്പം ചേരാനാകില്ലെന്ന് ഷീലാ ദീക്ഷിത്ത് നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ പാര്‍ട്ടി നിലപാട് അനുസരിച്ച് മയപ്പെടുത്തുകയും ചെയ്തു.ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസിനെ പൂജ്യത്തില്‍ ഒതുക്കിയ എഎപിയുമായി സഹകരിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡല്‍ഹിയിലെ നേതാക്കളുടെ അഭിപ്രായം.
സഖ്യം പൊളിഞ്ഞതോടെ കെജ്‌രിവാൾ കോൺഗ്രസിനെതിരെ രംഗത്തെത്തി. മോദിയെയും അമിത്ഷായെയും പരാജയപ്പെടുത്തണമെന്ന് രാജ്യം ആഗ്രഹിക്കുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്രിവാള്‍ ആഞ്ഞടിച്ചു. ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കോണ്‍ഗ്രസ്–ബിജെപി സഖ്യത്തെ പരാജയപ്പെടുത്താന്‍ ഡല്‍ഹി സന്നദ്ധമാണ്. അവിശുദ്ധസഖ്യത്തെ ഡല്‍ഹി ജനത പരാജയപ്പെടുത്തും–കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. എന്നാൽ ആം ആദ്മിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നാണ് വിലയിരുത്തൽ.
Post Your Comments