ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് സൈനിക വക്താവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജയ്ഷെ മുഹമ്മദ് പാകിസ്ഥാനില്‍ ഇല്ലെന്നാണ് പുതിയ വാദം. ഇരു രാജ്യങ്ങള്‍ക്കിടയിലെ സാഹചര്യങ്ങള്‍ വഷളാവുന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍ മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍. അതിര്‍ത്തിയിലെ സാഹചര്യം പതിവുള്ളതാണെന്നും അസിഫ് ഗഫൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സാമൂഹമാധ്യമങ്ങളും ചില ദേശീയ മാധ്യമങ്ങളും വ്യാപകമായി മസൂദ് അസര്‍ മരിച്ചെന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച സാഹചര്യത്തില്‍ വൃക്കയ്ക്ക് രോഗം ബാധിച്ച മസൂദ് അസര്‍ തീരെ അവശനിലയിലാണെന്നും എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു.ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നില്‍ ജെയ്ഷെ മുഹമ്മദ് ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന വാദവുമായി ഷാ മുഹമ്മദ് ഖുറേഷി നേരത്തെയെത്തിയിരുന്നു.
ആ സമയം പുല്‍വാമ ഭീകരാക്രമണത്തിന് തൊട്ടു പിന്നാലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് സ്വയം ഏറ്റെടുത്തിരുന്നു. കൂടാതെ ആക്രമണം നടത്തിയ ചാവേറിന്റെ വീഡിയോയും ഇവർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ടായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന അന്ന് വന്നത്. ഇപ്പോൾ എല്ലാം നിഷേധിക്കുകയും ഇങ്ങനെയൊരു ഭീകര സംഘടന പാകിസ്ഥാനിൽ ഇല്ലെന്നുമാണ് പുതിയ വാദം.
Post Your Comments