Latest NewsKerala

കേരളത്തിന്റെ കാര്‍ഷികസംസ്‌കൃതിയെ തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ്

കേരളത്തിന്റെ കാര്‍ഷികസംസ്‌കൃതിയെ തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്തുടനീളം നടന്ന് വന്നത്. കൃഷിഭൂമിയുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനാണ് കൃഷി വകുപ്പ് പ്രധാനമായും ലക്ഷ്യമിട്ടത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കീടനാശിനികളുടെ വിഷാംശം പച്ചക്കറികളില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ഭീതിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണു വന്നുകൊണ്ടിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് 2017 ല്‍ വിളയിച്ച പച്ചക്കറികളില്‍ 93 ശതമാനം കീടനാശിനി മുക്തമാണെന്നാണ് കേരള കാര്‍ഷികസര്‍വകലാശാലയുടെ പഠനം വെളിപ്പെടുത്തിയത്. സുരക്ഷിതമായ പച്ചക്കറി വിളയിച്ചതിനൊപ്പം മണ്ണിനും പരിസ്ഥിതിക്കുംമേലുള്ള രാസമലിനീകരണം നല്ലൊരളവ് ഒഴിവായെന്നും ഇതുസൂചിപ്പിക്കുന്നു. കൂടാതെ, കൃഷി, ജലപരിപാലനം എന്നി ഘടകങ്ങളെ കോര്‍ത്തിണക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ത്രിതല പഞ്ചായത്ത്, ഹരിത കേരള മിഷന്‍ എന്നിവരുടെ ഇടപെടലുകള്‍ കൊണ്ട് കാര്യമായ ചലനങ്ങള്‍ കൃഷി മേഖലയില്‍ സൃഷ്ടിക്കുവാന്‍ സാധിച്ചു. ഇക്കാര്യത്തില്‍ ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് മാതൃകയാണ്. കഴിഞ്ഞ് മൂന്ന് വര്‍ഷം കൊണ്ട് ജില്ലയിലുടനീളമുള്ള തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കിയെടുക്കാനും കൃഷിയിലൂടെ നേട്ടം കൊയ്യാനും തരിശുരഹിത ജില്ലയെന്ന സ്വപ്നത്തിലേക്ക് അടുക്കാനും സാധിച്ചു. ആറന്മുള, കവിയൂര്‍, കരിങ്ങാലി പുഞ്ച എന്നിവയിലും മറ്റ് അനേകം സ്ഥലങ്ങളിലും തരിശു നിലം കൃഷി പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞു.

ആറന്മുള നെല്‍കൃഷി പുനരുജ്ജീവന പദ്ധതി, വരാല്‍ ചാല്‍ സംരക്ഷണം, കരിങ്ങാലി നെല്‍കൃഷി വികസന പദ്ധതി, സമഗ്ര പച്ചക്കറി വികസന പദ്ധതി, സ്ഥാപനാധിഷ്ഠിത കൃഷി , സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കിയത്. ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് വേണ്ടി നെല്‍പ്പാടങ്ങള്‍ നികത്തിയിരുന്നു. എന്നാല്‍ വിമാനത്താവളം പദ്ധതിയിലുള്‍പ്പെട്ട തോടുകളും നീര്‍ച്ചാലുകളും തെളിച്ച് 350 ഹെക്ടര്‍ കൃഷിയാണ് വ്യാപിപ്പിച്ചത്. കോയിപ്രം ഗ്രാമപഞ്ചായത്തില്‍ വരാല്‍ ചാല്‍ തോട് സംരക്ഷിച്ച് ഒരു പ്രദേശത്തിന്റെയാകെ ജലസ്രോതസായി മാറ്റി. കൂടാതെ, വരട്ടാര്‍, കോലറയാര്‍ തുടങ്ങി ഒട്ടേറെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരംഭം കുറിച്ചിട്ടുള്ളത്. പന്തളം മുനിസിപ്പാലിറ്റി, പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചയാത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മാവരപ്പാടത്തും കരിങ്ങാലിപ്പാടത്തും തരിശു നില കൃഷി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.

പന്തളം മുന്‍സിപ്പാലിറ്റിയിലെ തേവര്‍കുളം, തുമ്പമണ്‍ പഞ്ചായത്തിലെ പ്രാലിന്‍ കുളം സംരക്ഷണം മണത്തറ- കണ്ടല്‍ ചാത്തന്‍ പാടശേഖരത്തിലെ 3 കിലോ മീറ്റര്‍ തോട് സംരക്ഷണം തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കവിയൂര്‍ പുഞ്ച നെല്‍കൃഷി വര്‍ഷങ്ങളായി ഭൂരിഭാഗവും തരിശായി കിടന്ന കുന്നന്താനം, കവിയൂര്‍, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 1000 ഏക്കര്‍ സ്ഥലത്ത് നീര്‍ച്ചാലുകളും, തോടുകളും നാശോന്മുഖമായവ പ്രവര്‍ത്തനസജ്ജമാക്കി. ഏകദേശം 10 കിലോമീറ്റര്‍ തോടുകള്‍ വൃത്തിയാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി 850 ഏക്കറില്‍ നെല്‍ കൃഷി പുരോഗമിക്കുകയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണ പദ്ധതി നടപ്പിലാക്കി അതിന്റെ ഭാഗമായ 149 എണ്ണം സൗരോര്‍ജ്ജ (സോളാര്‍) ട്രാപ്പുകള്‍ സ്ഥാപിച്ചു. കൂടാതെ വീഡ് വൈപ്പൂര്‍, ഫെര്‍ട്ടിലൈസര്‍ ഡിസ്പെന്‍സര്‍ എന്നീ ന്യൂതന സംവിധാനങ്ങള്‍ പ്രയോഗിക്കാന്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി 3 വര്‍ഷങ്ങളിലായി 12 ലക്ഷം പായ്ക്കറ്റുകളില്‍ പച്ചക്കറി വിത്ത് വിതരണവും 8,40,000 പച്ചക്കറി തൈ വിതരണവും നടത്തി. മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് 130 സ്‌കൂളുകളിലായി സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതിയും നടപ്പിലാക്കി. 31.477 ലക്ഷം രൂപ ചിലവില്‍ 58 സ്ഥാപനങ്ങളിലായി സ്ഥാപനാധിഷ്ഠിത കൃഷിയും നടപ്പിലാക്കി. കൃഷി വിജ്ഞാന വ്യാപനം പദ്ധതി പ്രകാരം 2019-19 വര്‍ഷം 36.45436 ലക്ഷം രൂപ വിനിയോഗിച്ച് പദ്ധതി പൂര്‍ത്തികരിച്ചു. നിലവിലുള്ള കാര്‍ഷിക കര്‍മ്മസേനകള്‍ക്കായി 10 ലക്ഷം രൂപ അനുവദിച്ചു നല്‍കി. പുതിയതായി 10 കാര്‍ഷിക കര്‍മ്മസേനകള്‍ കൂടി ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചു. പുതിയതായി പന്തളം തെക്കേക്കര, സീതത്തോട്, തോട്ടമണ്‍, പുറമറ്റം, അയിരൂര്‍, തണ്ണിത്തോട്, കോട്ടാങ്ങല്‍, കല്ലൂപ്പാറ, നാരങ്ങാനം, മല്ലപ്പുഴശ്ശേരി എന്നിവിടങ്ങളില്‍ അനുവദിച്ചു. 34.4 ലക്ഷം രൂപ 125 കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. പ്രളയാനന്തരം നിരണം പഞ്ചായത്തില്‍ വച്ച് കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം നടത്തി. വെള്ളായണി കാര്‍ഷിക സര്‍വ്വകലാശാലാ ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, കൃഷി വിജ്ഞാന കേന്ദ്രം എന്നിവര്‍ പങ്കെടുത്തു. 76.009 ലക്ഷം രൂപ വിള ഇന്‍ഷ്വറന്‍സിനായി 359 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പ്രകൃതിക്ഷോഭ ദുരിതാശ്വാസ ഫണ്ടിലേക്ക് സംസ്ഥാന വിഹിതമായി 228.63592 ലക്ഷം രൂപ അനുവദിച്ചതില്‍ 228.52614 രൂപ വിളനാശം ബാധിച്ച 5043 കര്‍ഷകര്‍ക്കായി വിതരണം ചെയ്തു. 4969 കര്‍ഷകര്‍ക്ക് ഇനിയും വിതരണം ചെയ്യാനുണ്ട്. കേന്ദ്ര വിഹിതമായി 994.986 ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ചതില്‍ 65.49268 ലക്ഷം രൂപ വിളനാശത്തിന് 2412 കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. പ്രളയം മൂലം അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിന് 200 ലക്ഷം രൂപ അനുവദിച്ചതില്‍ 121.66250 ലക്ഷം രൂപ 2175 കര്‍ഷകര്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ഒഴുകി പോയ ബണ്ടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പമ്പ്സെറ്റുകള്‍ റിപ്പയര്‍ ചെയ്യുന്നതിനും കേന്ദ്രവിഹിതമായി അനുവദിച്ച 1.85 ലക്ഷം രൂപയില്‍ 138520 രൂപ വിധ പാടശേഖരങ്ങള്‍ക്ക് വിതരണം ചെയ്തു. 61 പാടശേഖരങ്ങള്‍ക്കായി 165 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഗവണ്‍മെന്റിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കൂടാതെ, കര്‍ഷക പരിശീലന പരിപാടി, ഗ്രൂപ്പ് കൃഷി ക്ലസ്റ്റര്‍, മഴമറ, പരമ്പാഗത പച്ചക്കറി കൃഷി, ജൈവ മാലിന്യ സംസ്‌ക്കരണം യൂണിറ്റ്, ഊര്‍ജ്ജ രഹിത ശീതികരണം, മിനി പോളി ഹൗസ്, ഊര്‍ജ്ജരഹിത ശീതികരണം, മിനി പോളി ഹൗസ് , പമ്പ് സെറ്റ്, തരിശു നില പച്ചക്കറി കൃഷി, മൂല്യ വര്‍ദ്ധിത ഉത്പനങ്ങളുടെ ഉല്പാദനം, ഗ്രോബാഗുകളിലെ കൃഷി, സുഗന്ധ വിള വികസന പദ്ധതി , തെങ്ങു കൃഷി വികസനം തുടങ്ങിയവയ്ക്കും കൃഷി വകുപ്പ് പ്രാധാന്യം നല്‍കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button