ശാസ്താംകോട്ട: നാമജപയാത്രയില്‍ പങ്കെടുത്ത നിയമ വിദ്യാര്‍ത്ഥിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ ശാസ്താംകോട്ട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രശാന്തിനെതിരെ നടപടി സ്വീകരിക്കാന്‍ വിജിലന്‍സിന്റെ ശുപാര്‍ശ. കഴിഞ്ഞ ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നാമജപം നടത്തിയതിന് യുവമോര്‍ച്ച കുന്നത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ മഹേഷിനെ ശാസ്താംകോട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് ഇരുപത്തിനാല് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി നിരുപാധികം ജാമ്യം നല്‍കി.പുറത്തിറങ്ങിയ മഹേഷിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന സിഐക്കെതിരെ മഹേഷിന്റെ അച്ഛന്‍ മണികണ്ഠന്‍ നല്‍കിയ പരാതിയിലാണ് നടപടിക്ക് ശുപാര്‍ശ. നേരത്തെ സി ഐ ക്കെതിരെ കൊടുത്ത കേസുകള്‍ തീര്‍ത്തില്ലെങ്കില്‍ മഹേഷിനെയും കുടുംബത്തെയും ഇനിയും കള്ളക്കേസില്‍ കുടുക്കുമെന്ന് സിഐ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായാണ് കള്ളക്കേസ് എടുത്ത് മഹേഷിനെ റിമാന്‍ഡ് ചെയ്തതെന്ന് പരസ്യമായി പ്രശാന്ത് പറഞ്ഞതു ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി വിജിലന്‍സിന് കൈമാറുകയും അന്വേഷണത്തിന് ശേഷം സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുകയുമായിരുന്നു. ശാസ്താംകോട്ടയിലെ മുന്‍ സിഐ കെ. പ്രസന്നകുമാറിനെതിരെ മണികണ്ഠന്‍ 2008ല്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് 2011ല്‍ ഇയാളെ കൊല്ലം സബ്‌കോടതി ശിക്ഷിച്ചിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
Post Your Comments