ഒരുകാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ മുഖമുദ്രയായിരുന്നു ചെറിയ മഞ്ഞ കാര്‍ഡ് രൂപത്തിലുള്ള കട്ടി കടലാസിലെ ട്രെയിന്‍ ടിക്കറ്റ്. ആ ടിക്കറ്റുകള്‍ ഇനി ഓര്‍മയാകുന്നു. ചിറയ്ക്കല്‍ റെയില്‍വേ സ്റ്റേഷനിലെ നിലവില്‍ ഷൊര്‍ണൂരേക്കുള്ള 10 ടിക്കറ്റുകള്‍ കൂടികഴിഞ്ഞാല്‍ അതും ചരിത്രത്തിന്റെ ഭാഗമാകും.
ഇത്തരം ടിക്കറ്റുകളുടെ പ്രിന്റിങ് റെയില്‍വേ നിര്‍ത്തിയിട്ടു നാളേറെയായി. എങ്കിലും പല ഗ്രാമപ്രദേശങ്ങളിലെ സ്റ്റേഷനുകളിലും ഈ ടിക്കറ്റുകള്‍ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. നിലവില്‍ പാലക്കാട് ഡിവിഷനിലെ കണ്ണൂര്‍ ചിറക്കല്‍ സ്റ്റേഷനില്‍ മാത്രമാണ് ഇത്തരം മഞ്ഞ കാര്‍ഡ് ടിക്കറ്റുകള്‍ ഉള്ളത്. മുന്‍കൂട്ടി അച്ചടിച്ചു സൂക്ഷിക്കുന്ന ഇത്തരം ടിക്കറ്റുകള്‍ മറ്റൊരു സ്റ്റേഷനിലും ഇപ്പോഴില്ല. ഈ ടിക്കറ്റുകള്‍ കൂടി തീരുന്നതോടെയാണ് ബ്രിട്ടീഷ് കാലം മുതലുള്ള കട്ടിക്കടലാസ് ടിക്കറ്റ് ചരിത്രത്തിന്റെ ഭാഗമായി തീരാന്‍ പോകുന്നത്.
കമ്പ്യൂട്ടര്‍ ടിക്കറ്റുകള്‍ എത്തിയതോടെ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ അതായത് റെയില്‍വേ ജീവനക്കാര്‍ ഇല്ലാത്ത, ഏജന്റുമാര്‍ വഴി ടിക്കറ്റ് നല്‍കുന്ന സ്റ്റേഷനുകളില്‍ മാത്രമായിരുന്നു കാര്‍ഡ് ടിക്കറ്റുകള്‍ ഉപയോഗിച്ചിരുന്നത്. ടിക്കറ്റില്‍ സ്റ്റേഷന്റെ പേരിനൊപ്പം ‘ഹാ’ എന്നു ചേര്‍ക്കും. അത് ഇത്തരം സ്റ്റേഷനുകളെ തിരിച്ചറിയുവാന്‍ വേണ്ടിയാണ്.
ഷൊര്‍ണൂരേക്കുള്ള 10 ടിക്കറ്റുകള്‍ തീരുന്നതോടെ ചിറക്കലില്‍ നിന്നു ഷൊര്‍ണൂരേക്കു പോവാന്‍ അഞ്ച് രൂപ കൂടുതല്‍ കൊടുത്ത് പാലക്കാട്ടേക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. സ്റ്റേഷനില്‍ കംപ്യൂട്ടര്‍ ടിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാല്‍ താല്‍ക്കാലികമായാണ് ഈ സംവിധാനമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.
തിരുച്ചിറപ്പള്ളിയിലെ പ്രസില്‍ ആയിരുന്നു ഈ ടിക്കറ്റുകള്‍ അച്ചടിച്ചിരുന്നത്. ആ പ്രസ് വരെ അടച്ചുപൂട്ടിയെന്നാണു ലഭിക്കുന്ന വിവരം. ചിറക്കലിലും കംപ്യൂട്ടര്‍ ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. അതുകൊണ്ടുമാത്രമാണ് ഇത്തരം കുഞ്ഞന്‍ മഞ്ഞക്കാര്‍ഡ് ടിക്കറ്റുകള്‍ ഇതുവരെ കാലഹരണപ്പെടാതിരിന്നത്.
Post Your Comments