കൊല്ലം : കടയ്ക്കല്‍ ചിതറ വളവുപച്ചയില്‍ സി.പി.എം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷാജഹാനും സി.പി.എം അനുഭാവിയായിരുന്നുവെന്ന് സഹോദരന്‍ സുലൈമാന്റെ വെളിപ്പെടുത്തല്‍. അതേസമയം മരച്ചീനി നല്‍കാത്തതിലെ ദേഷ്യമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന വാര്‍ത്ത തുടക്കം മുതല്‍ക്കേ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് പിടിയിലായ പ്രതിയും കുടുംബവും സി.പി.എം. അനുഭാവികളാണെന്നും എന്നാല്‍ ഇതുവരെ പാര്‍ട്ടിക്കുവേണ്ടി പരസ്യ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വെളിപ്പെടുത്തി സഹോദരന്‍ രംഗത്ത് വന്നിരിക്കുന്നത്.
തങ്ങളെല്ലാം കമ്യൂണിസ്റ്റ് കുടുംബമാണെന്നും നാട്ടിലിറങ്ങി തിരക്കിയാല്‍ മനസിലാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.മുഹമ്മദ് ബഷീറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും തുടക്കം മുതല്‍ ബന്ധുക്കളടക്കമുള്ളവര്‍ ഉറച്ചുനില്‍ക്കുകയാണ്.എന്നാല്‍ കടയ്ക്കലിലെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും, ഇത് ഒരു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിട്ടാണെന്നും ആരോപിച്ച് സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
അടിയുറച്ച സി.പി.എം പ്രവര്‍ത്തകനായിരുന്നു മരണപ്പെട്ട മുഹമ്മദ് ബഷീര്‍.മരച്ചീനി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും ഷാജഹാന്‍ ബഷീറിനെ ഇരട്ടപ്പേര് വിളിക്കുകയുമായിരുന്നു.പിന്നീട് വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളി ക്കാനിറങ്ങുമ്പോള്‍ പിന്തുടര്‍ന്നെത്തിയ ഷാജഹാന്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Post Your Comments