ഒമാനിലെ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു. സെക്കന്‍ഡറി തലത്തിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു. എഞ്ചിനീയറിങ് അടക്കം വിവിധ തസ്തികകളില്‍ നിലനില്‍ക്കുന്ന വിസാ വിലക്കിന്റെ ഫലമായാണ് മാറ്റം.87 തസ്തികകളിലെ വിസാ വിലക്കാണ് വിദ്യാസമ്പന്നരായ വിദേശികളുടെ എണ്ണം കുറയാന്‍ പ്രധാന കാരണം. ഇതോടൊപ്പം ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി കമ്പനികള്‍ വിദേശ ജീവനക്കാരെ പിരിച്ചുവിടുന്നുമുണ്ട്.
2018ല്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 3.7 ശതമാനത്തിന്റെ കുറവുണ്ടായി. വിദ്യാസമ്പന്നരില്‍ ഹയര്‍ ഡിപ്ലോമധാരികളുടെ എണ്ണത്തിലാണ് ഏറ്റവുമധികം കുറവുണ്ടായത്. സര്‍ക്കാര്‍ മേഖലയിലെ വിദേശി തൊഴിലാളികളുടെ എണ്ണം 57,734ല്‍ നിന്ന് 57,477 ആയി കുറഞ്ഞു.അടുത്തിടെ വിദ്യാഭ്യാസ മേഖലയില്‍ അഡ്മിഷന്‍സ് ആന്റ് രജിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ഡയറക്ടര്‍, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ് അഫെയേഴ്‌സ് തുടങ്ങിയ തസ്തികകളില്‍ വിദേശികളെ നിയമിക്കുന്നത് മാനവ വിഭവശേഷി വകുപ്പ് നിരോധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് തൊഴില്‍ വിസയില്‍ എത്തിയവരുടെ എണ്ണത്തിലും കുറവുണ്ട്.
Post Your Comments