ബര്‍മ: മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടെന്ന് ബംഗ്ലാദേശ്. വളരെ ദുഃഖത്തോട് കൂടിയാണ് ഈ കാര്യത്തെ കാണുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹിദുല്‍ ഹക്ക് പറഞ്ഞു. തീരുമാനം യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. പട്ടാള അടിച്ചമര്‍ത്തലിന്റെ ഇരയായ റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് എത്തിയത്.
18 മാസത്തിനിടെ 7 ലക്ഷത്തില്‍ അധികം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. രാജ്യത്ത് ഇതുവരെ എത്തിച്ചേര്‍ന്ന റോഹിങ്ക്യകള്‍ മ്യാന്‍മറിലേക്ക് തിരിച്ചു പോകാന്‍ ഇനിയും സമ്മതം അറിയിച്ചിട്ടില്ലെന്നും റോഹിങ്ക്യകളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ മ്യാന്‍മര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നടത്തുന്നുവെന്നും ബംഗ്ലാദേശ് കുറ്റപ്പെടുത്തി. എന്നാല്‍ ബംഗ്ലാദേശുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ജനുവരിയില്‍ തന്നെ മ്യാന്‍മറില്‍ നിന്നു പലായനം ചെയ്തവരെ തിരിച്ചെത്തിക്കാന്‍ തയ്യാറാണെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാതെ തിരിച്ചു പോകില്ലെന്ന ഉറച്ച് തീരുമാനത്തിലായിരുന്നു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍.
Post Your Comments