കൊച്ചി: മലയാളത്തിലെ ഹാസ്യതാരം ഹരിശ്രീ അശോകൻ മനോഹരമാക്കിയ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ പ്രദർശനം കൊച്ചിയിൽ നടന്നു. രമണൻ മുതൽ തൊരപ്പൻ കൊച്ചുണ്ണി വരെ അവിടെ കാരിക്കേച്ചറുകളായി മാറി. ഹരിശ്രീ അശോകൻ സംവിധായകനാകുന്ന ‘ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി’യുടെ പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു പരിപാടി.
കാണികൾക്ക് സ്വന്തം കാരിക്കേച്ചർ തത്സമയം ലഭിക്കുന്നതിനുള്ള അവസരവും ഒരുക്കിയിരുന്നു.ഒരു ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി റിലീസ് ഈ കഥാപാത്രങ്ങളുടെ നടുവിലായിരുന്നു. കൊച്ചിയിലെ സരിത തിയേറ്ററിലായിരുന്നു പ്രദർശനം. 1989 മുതൽ മലയാള സിനിമയെ ചിരിപ്പിക്കാൻ ഹരിശ്രീ അശോകനുണ്ട്. ഒടുവിൽ സംവിധായക വേഷത്തിലെത്തുമ്പോൾ അഭിനയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടമായിട്ടാണ് കഥാപാത്രങ്ങളുടെ കാരിക്കേച്ചറുകൾ പ്രദർശിപ്പിച്ചത്.
കാർട്ടൂൺ ക്ലബ് ഓഫ് കേരളയുമായി സഹകരിച്ച് കോമൂസൺസാണ് കാർട്ടൂൺ പരിപാടി സംഘടിപ്പിച്ചത്. നിരവധി കലാകാരൻമാർ ചേർന്ന് 35ലധികം ഹരിശ്രീ അശോകൻ കാരിക്കേച്ചറുകളാണ് വരച്ചത്. കൊച്ചിയിൽ ആദ്യഷോ കാണാനെത്തുന്നവർക്ക് ഒരു സർപ്രൈസ്സും അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നു. കാണികൾക്ക് അവരുടെ കാരിക്കേച്ചറും തത്സമയം സൗജന്യമായി സ്വന്തമാക്കാം. നടൻ ബോൾഗാട്ടി ഉൾപ്പെടെയുള്ള കാണികൾ കാരിക്കേച്ചർ സ്വന്തമാക്കുകയും ചെയ്തു.
Post Your Comments