ശ്രീനഗര്‍: പാക്കിസ്ഥാന്റെ പിടിയിലായ വൈമാനികന് അഭിനന്ദന് വര്‍ധമാനെ ഇന്ത്യക്കു കൈമാറുന്ന അതേസമയം, ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ ക്രാല്‍ഗുണ്ട് ഗ്രാമത്തില്‍ തീവ്രവാദികളുടെ വെടിയേറ്റാണ് സിആര്‍പിഎഫ് ജവാന്മാര് ഉള്‍പ്പെടെ മരിച്ചത്. ഒരു സിആര്‍പിഎഫ് ഓഫീസര്‍, ഒരു ജവാന്, രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണു കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ സൈന്യം വീടിനടുത്ത് എത്തിയതോടെ തീവ്രവാദികള്‍ നിറയൊഴിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണു വിവരം.
വെടിവയ്പില്‍ തകര്‍ന്ന ഒരു വീടിന്റെ അവശിഷ്ടത്തിനിടെ മരിച്ച രീതിയില്‍ കിടന്ന ഒരു തീവ്രവാദി അപ്രതീക്ഷിതമായി നടത്തിയ വെടിവയ്പിലാണ് ജവാന്മാര് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദികള്‍ വീടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ക്രാല്ഗുണ്ടിലെത്തിയത്. ഏറ്റുമുട്ടല്‍ മേഖലയ്ക്കു സമീപം സുരക്ഷാ സേനയും ഒരു കൂട്ടം യുവാക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റതായും വിവരമുണ്ട്.
Post Your Comments