ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുമ്പോള്‍ ചില പാര്‍ട്ടികള്‍ മാത്രം പോരാട്ടത്തെ എതിര്‍ക്കുകയാണെന്ന് പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മോദി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്താനെ സഹായിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയുമാണ്.
എന്നാല്‍ രാജ്യം ഒന്നടങ്കം സൈന്യത്തെ പിന്തുണക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ ഭരണകാലത്ത് വ്യോമസേന നടപടിക്ക് തുനിഞ്ഞിരുന്നതായും സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പുതിയ ഇന്ത്യയില്‍ അങ്ങനെയല്ല. സൈന്യത്തിന് സാഹചര്യം വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.കന്യാകുമാരിയില്‍ ബി.ജെ.പിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവർ മോദിയോടുള്ള വെറുപ്പ് കൊണ്ട് രാജ്യത്തേയും വെറുക്കുന്നു. ഭീകരവാദത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുൻപൊരിക്കലും അവര്‍ക്കെതിരെ ഇത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഉറി, പുല്‍വാമ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യയുടെ വായുസേന എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേയെന്നും മോദി ചോദിച്ചു.
Post Your Comments