തിരുവനന്തപുരം : അഭിനന്ദിനെ പോലുള്ള ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി മനസിലാക്കേണ്ടതെന്നും മരണത്തെ കണ്‍മുന്‍പില്‍ കണ്ടപ്പോഴും സ്വന്തം രാജ്യത്തിനായി ധീരതയോടെ നിന്ന അഭിമന്യു ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തിയിരിക്കുകയാണെന്നും മേജര്‍ രവി.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ നിലനിന്നിരുന്ന യുദ്ധ സമാനമായ ഒരു അന്തരീക്ഷത്തിന് മാറ്റമുണ്ടായിരിക്കുകയാണ്. പാക്കിസ്ഥാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത് സമാധാനത്തിന്റെ പാതയാണെന്നും അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അഭിനന്ദിനെ വിട്ടു നല്‍കാതെ നിലനില്‍പ്പില്ല എന്ന തോന്നലാണ് പാക്കിസ്ഥാന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും മേജര്‍ രവി ഈസ്റ്റ് കോസ്റ്റ് ഓണ്‍ലൈനോട് പറഞ്ഞു.
ഞങ്ങള്‍ സമാധാനത്തിന്റെ പാതയിലാണ് എന്ന് ലോകരാഷ്ട്രങ്ങളെ അറിയിക്കുകയാണിപ്പോള്‍ പാക്കിസ്ഥാന്റെ ലക്ഷ്യം. പാക്കിസ്ഥാന് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ അവര്‍ ഏത് നിമിഷവും ഇന്ത്യയെ തിരിച്ചടിക്കും എന്ന ഭീതി ഇന്ത്യന്‍ ജനതക്കിടയില്‍ അവര്‍ സൃഷ്ടിച്ചിരുന്നു. ആ പേടി നിലനില്‍ക്കുന്നതിനാല്‍ തന്നെയാണ് പാക്കിസ്ഥാന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നതെന്നും എന്നാല്‍ ഇന്ത്യയുടെ ഭാഗത്തും നിന്ന് ഒരു തിരിച്ചടിയുണ്ടായതോടെ ഒരു യുദ്ധമുണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് പാക്കിസ്ഥാന്‍ മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധം ഒഴിവായതിലൂടെ സാധാരണ ജനങ്ങള്‍ക്ക് മനസമാധാനം കൈവന്നിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധമുണ്ടായിരുന്നെങ്കില്‍ നമ്മുടെ പത്തുതലമുറയെങ്കിലും അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമായിരുന്നെന്നും മേജര്‍ രവി ഈസ്റ്റ് കോസ്റ്റ് ഓണ്‍ലൈനോട് പറഞ്ഞു.
Post Your Comments