ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ സ്ഥാനാര്‍ഥികളുടെ പട്ടിക കെ.പി.സി.സിക്ക് കൈമാറി. ഭൂരിഭാഗം മണ്ഡലങ്ങളിലും മൂന്ന് പേരുകള്‍ പാനലിലുണ്ട്.നാലു പേരുള്ള പാനലുമുണ്ട്. സിറ്റിങ് സീറ്റുകളില്‍ സിറ്റിങ് എം.പിമാരുടെ പേരിനാണ് മുന്‍തൂക്കം. കെ.പി.സി.സിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി തിങ്കളാഴ്ച ചേര്‍ന്ന് പ്രാഥമിക ചര്‍ച്ച നടത്തും.
മണ്ഡലത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളുടെ പാനല്‍ കൈമാറാനാണ് ഡി.സി.സികളോട് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 14 ജില്ലാ കമ്മറ്റികളും അതത് ജില്ലയിലുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പാനല്‍ കെ.പി.സി.സി.ക്ക് കൈമാറി. കെ.പി.സി.സി പ്രസിഡന്റുള്‍പ്പെടുന്ന ഉപസമിതിക്ക് അന്തിമ പട്ടിക തയ്യാറാക്കാന്‍ ചുമതല നല്‍കാനാണ് സാധ്യത.
തുടര്‍ന്ന് നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോയി പട്ടിക ഹൈകമാന്‍ഡിന് കൈമാറുമെന്നാണ് സൂചന. ഭൂരിഭാഗം സിറ്റിങ് സീറ്റുകളിലും സിറ്റിങ് എം.പിമാരുടെ പേരു മാത്രമാണ് ഡി.സി.സികള്‍ ഉള്‍പ്പെടുത്തിയത്. ആലപ്പുഴ, മാവേലിക്കര എന്നിവ ഉദാഹരണം. മറ്റു സീറ്റുകളില്‍ വിജയ സാധ്യതയുള്ള മൂന്ന് പേരുടെ പേരു വീതമാണ് ഉള്ളത്.
ഹൈകമാന്‍ഡ് തെരഞ്ഞെടുപ്പ് കമ്മറ്റിയാകും സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുക. മാര്‍ച്ച് പത്തോടു കൂടി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments