തിരുവനന്തപുരം: ശബരിമല വികസനത്തിന് പുതിയ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ കമ്പനി രൂപീകരിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശബരിമല, പമ്പ, നിലയ്ക്കല്‍, മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂര്‍ണമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രത്യേക കമ്പനിയാണ് രൂപീകരിക്കുന്നത്.
ബജറ്റില്‍ ഓരോ വര്‍ഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും പാഴായി പോകാതിരിയ്ക്കാനാണ് സര്‍ക്കാര്‍തലത്തില്‍ പുതിയ തീരുമാനം ഉണ്ടായത്. മാത്രമല്ല ഈ ഫണ്ടുകള്‍ ഉപയോഗിച്ച് ശബരിമല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവര്‍ത്തിക്കുന്ന കമ്പനി രൂപീകരിക്കുന്നത്. ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയര്‍മാനും വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറായിരിക്കും. ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ കണ്‍വീനറുമായി ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയും രൂപീകരിക്കും.
Post Your Comments