കാശ്മീര്‍: ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ വെടിവയ്‌പ്പ്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാന്‍ മിസൈല്‍, മോര്‍ടാര്‍ ആക്രമണം നടത്തുകയാണ്. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ നിരവധി പാക് സൈനികര്‍ക്ക് പരിക്കേറ്റു.
51 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം.ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ അടച്ചു. ജമ്മു കാഷ്മീരിലെ രജൗറി ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. എല്ലാ പരീക്ഷകളും മാറ്റിവച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഷോപിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തുകയാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
രണ്ടു ഭീകരരെ വധിച്ചെന്നാണ് സൂചന. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ യുദ്ധ സമാനമാണ്. എന്തിനും തയ്യാറായി കരസേനയും നാവിക സേനയും നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ സംഘര്‍ഷം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ലോകരാജ്യങ്ങളും രംഗത്ത് വന്നു. വ്യോമസേനയുടെ ആക്രമണത്തെ പിന്തുണയ്ക്കുമ്ബോഴും ഇനി കാര്യങ്ങള്‍ കൈവിട്ടു പോകാതെ നോക്കണമെന്നാണ് ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന. കാശ്മീര്‍ അതിര്‍ത്തിയിലെ കാര്യങ്ങള്‍ പ്രവചനാതീതമാണ്. ഏത് നിമിഷവും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധത്തിലേക്ക് കാര്യങ്ങളെത്തുമെന്ന് ലോകരാജ്യങ്ങള്‍ വിലയിരുത്തുന്നു.
അമേരിക്കയും ഐക്യരാഷ്ട്ര സഭയും കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. ഇതിനിടെയിലും പാക്കിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യ കരുതലോടെയാണ് തിരിച്ചടിക്കുന്നത്. സാധാരണക്കാര്‍ക്ക് നേരെ ഇന്ത്യ ആക്രമണം നടത്തിയെന്ന് വരുത്താനാണ് ഇത്. ഇന്ത്യയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഇന്ത്യ നേരത്തെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ഗ്രാമിണരെ സംഘര്‍ഷം രൂക്ഷമായിട്ടും സ്ഥലം വിട്ടു പോകാന്‍ പാക്കിസ്ഥാന്‍ അനുവദിച്ചിരുന്നില്ല.
Post Your Comments