KeralaLatest News

സീറ്റ് വിഭജനം; യു.ഡി.എഫ് ചര്‍ച്ച ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്ന് ആരംഭിക്കും. രാവിലെ 10.30 ന് എറണാകുളം ഡി.സി.സി ഓഫീസിലാണ് ചര്‍ച്ച നടക്കുക. അധിക സീറ്റ് എന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യോഗത്തിന് മുന്‍പ് തന്നെ യു.ഡി.എഫ് കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.ഓരോ ഘടകകക്ഷികളുമായും പ്രത്യേകം ചര്‍ച്ചകളാണ് നടക്കുക. രണ്ട് സീറ്റെന്ന ആവശ്യത്തില്‍ കേരളകോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. ജോസഫിനെയും കേരള കോണ്‍ഗ്രസിനെയും പിണക്കാതെയുള്ള സമവായ ചര്‍ച്ചകള്‍ക്കായിരിക്കും ഇന്ന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുക.കഴിഞ്ഞ തവണ മത്സരിച്ചതില്‍ കുടുതല്‍ സീറ്റുകള്‍ ഘടകക്ഷികള്‍ക്ക് നല്‍കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

 

അധിക സീറ്റ് ലഭിച്ചില്ലെങ്കിലും കേരളകോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റ് നേടിയെടുക്കുക എന്നതാണ് ഇത്തരമൊരു അവകാശവാദത്തിലൂടെ ജോസഫ് ലക്ഷ്യമിടുന്നത്. കോട്ടയത്തിന് പുറമേ ചാലക്കുടി അല്ലെങ്കില്‍ ഇടുക്കി സീറ്റിലാണ് കേരളകോണ്‍ഗ്രസ് അവകാശവാദമുന്നയിക്കുക. ചാലക്കുടിയുടെ പഴയ മണ്ഡലമായ മുകുന്ദപുരത്ത് കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിച്ച് വിജയിച്ചതടക്കം ചൂണ്ടികാട്ടിയാവും അവകാശവാദം.എം.പി. വീരേന്ദ്രകുമാറിന്റെ ദള്‍ വിഭാഗം യു.ഡി.എഫ് വിട്ടതിനാല്‍ 2014 ല്‍ മത്സരിച്ച പാലക്കാട് സീറ്റ് വേണമെന്ന് എല്‍.ഡി.എഫ് ലയനത്തെ എതിര്‍ത്ത് യു.ഡി.എഫില്‍ ക്ഷണിതാക്കളായ ദള്‍ വിഭാഗം നേതാക്കളും ആവശ്യപ്പെടും. ആര്‍.എസ്.പി നിലവിലെ സീറ്റിനപ്പുറത്തേക്കുള്ള അവകാശവാദങ്ങള്‍ ഒന്നും ഉന്നയിക്കില്ല. പാലക്കാട് സീറ്റ് തിരികെ ഏറ്റെടുക്കുന്നതിന് ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസ് ഘടകകക്ഷികളുടെ സമ്മതം തേടും.

എല്‍.ഡി.എഫിലായിരുന്നപ്പോള്‍ ജോസഫ് വിഭാഗം മത്സരിച്ച് വിജയിച്ച സീറ്റ് എന്നതാണ് ഇടുക്കിക്ക് അവകാശവാദമുന്നയിക്കാന്‍ കാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം, യു.ഡി.എഫിലേക്ക് മടങ്ങി വന്നപ്പോള്‍ സീറ്റുകള്‍ സംബന്ധിച്ച് ഒരു ഉപാധിയും വച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്റെ ആവശ്യം. അതേസമയം മുന്നണിയുടെ ഐക്യത്തിനു കോട്ടം വരുന്ന വിലപേശുകളിലേക്കു പോകില്ലെന്ന സൂചന ലീഗ് നേതൃത്വം നല്‍കി കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇടുക്കി സീറ്റിനായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.ഏതായാലും കേരളകോണ്‍ഗ്രനെയും പി.ജെ ജോസഫിനെയും കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കാത്ത തരത്തില്‍ നിലവിലെ സീറ്റ് ധാരണ തുടരാനുള്ള ശ്രമങ്ങളാവും ഇന്നത്തെ യോഗത്തിലുണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button