ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിനു സ്ഫോടക വസ്തുക്കള്‍ ലഭ്യമാക്കിയതില്‍ ഉള്‍പ്പെടെ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് അന്വേഷണ സംഘം.25 കിലോ ആര്‍ഡിഎക്സ് ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. ഇത് പാക്കിസ്ഥാനില്‍ നിന്നു കടത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) അന്വേഷണം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ, പാക്കിസ്ഥാനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ ഒന്നൊന്നായി പുറത്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്ഫോടകവസ്തുക്കള്‍ വാഹനത്തില്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കിയതിലും പാക്കിസ്ഥാനില്‍ നിന്നെത്തിയ ഭീകരര്‍ക്കു പങ്കുണ്ട്.
പല പെട്ടികളിലായാണ് ആര്‍ഡിഎക്സ് നിറച്ചത്.സ്‌ഫോടനത്തിന് ജെയ്‌ഷെ മുഹമ്മദ് കേഡര്‍ ഉപയോഗിച്ച വാഹനം എന്‍ഐഎ തിരിച്ചറിഞ്ഞു. ആക്രമണത്തിന് ചാവേര്‍ ഉപയോഗിച്ച മാരുതി ഈകോ കാറിന്റെ ഉടമയെയാണ് ആണ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് 10 ദിവസം മുമ്ബ് സജ്ജാദ് ഭട്ട് എന്ന വ്യക്തിയാണ് ഈ കാര്‍ വാങ്ങിയത്. അനന്ത്നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയാണ് ഇയാള്‍. സജ്ജാദ് ഭട്ട് ജയ്ഷെ ഇ മുഹമ്മദ് കേഡറില്‍ പെട്ടയാളാണ്. ഇയാള്‍ ആയുധങ്ങളുമായി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഓട്ടോ മൊബൈല്‍ വിദഗ്ദ്ധരുടെയും ഫോറന്‍സിക് സംഘത്തിന്റേയും സഹായത്തോടെയാണ് വാഹനം തിരിച്ചറിയാനായത്. 2011-ല്‍ അനന്ത്നാഗ് സ്വദേശി തന്നെയായ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖനി എന്നയാള്‍ വിറ്റ വാഹനമാണിത്. ഏഴോളം പേരില്‍ നിന്ന് കൈമാറി ഒടുവിലാണ് ഇത് സജ്ജാദ് ഭട്ടിന്റെ പക്കലെത്തിയത്. ഫെബ്രുവരി നാലിനാണ് സജ്ജാദ് ഭട്ട് ഇത് വാങ്ങിയത്. ഇയാള്‍ ഷോപ്പിയാനിലെ സിറാജുല്‍ ഉലൂമിലെ വിദ്യാര്‍ത്ഥിയാണെന്നും എന്‍ഐഎ അറിയിച്ചു.
ശനിയാഴ്ച എന്‍ഐഎ സംഘവും പൊലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ജമ്മു മുതല്‍ തന്നെ ചുവന്ന കാര്‍ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുന്‍പ് വാഹനവ്യൂഹത്തിന്റെ ഇരുവശത്തു കൂടെയും ഓടിച്ചു പോകാന്‍ ശ്രമിച്ച ആദിലിനോട് വാഹനവ്യൂഹത്തില്‍ നിന്ന് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
ലത്തിപോരയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ഇതിനകം കിട്ടിക്കഴിഞ്ഞതായാണ് വിവരം. പൊലീസ് കസ്റ്റഡിയില്‍ എടുത്ത നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന നാലു സിആര്‍പിഎഫ് ജവാന്മാര്‍ ആശുപത്രി വിട്ടു. ഒരു സൈനികന്‍ ഇപ്പോഴും ചികിത്സയിലാണ്. ശ്രീനഗറിലെ 92 ബേസ് സൈനിക ആശുപത്രിയിലാണ് ചികിത്സ.ഫെബ്രുവരി 14-നാണ് പുല്വാമയില് 40 ജവാന്മാര്‍ വീരമൃത്യുവരിച്ച ആക്രമണം നടന്നത്.
Post Your Comments