Latest NewsNattuvartha

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമം

ഭര്‍തൃപിതാവ് അറസ്റ്റില്‍

കറുകച്ചാല്‍ : സ്ത്രീധനമില്ലാതെ പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഭര്‍തൃപിതാവ് അറസ്റ്റിലായി. ഉമ്പിടി കൊച്ചുകണ്ടം ഞാലിക്കുഴി ചമ്പക്കര ഗോപാലന്‍(58) ആണു പിടിയിലായത്. ഗോപാലന്റെ മകന്‍ ഗോപന്റെ ഭാര്യ പുതുപ്പള്ളി സ്വദേശിനി വിജിത (23) ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍ മൊഴിയെടുത്തു. 55% പൊള്ളലേറ്റ നിലയിലാണു വിജിത.

പൊലീസ് പറയുന്നത് ഇങ്ങനെ, ഗോപനും വിജതയും പ്രണയ വിവാഹിതരായവരാണ്. ഇവര്‍ക്ക് രണ്ടു വയസ്സുകാരി മകളുണ്ട്. മകളുണ്ടായ ശേഷം ഗോപാലന്‍ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം വീട്ടില്‍ ബഹളം വയ്ക്കുകയും വിജിതയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തെങ്ങണയിലെ തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന വിജിത 9നു രാത്രി വീട്ടില്‍ വന്നപ്പോള്‍ ഗോപാലന്‍ ബഹളം വച്ചിരുന്നു.

രാത്രി വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മെഴുകുതിരി വെളിച്ചത്തില്‍ പുറത്തുള്ള ശുചിമുറിയില്‍ പോയി തിരികെ വരികയായിരുന്ന വിജിതയുടെ ദേഹത്തേക്ക്, മറഞ്ഞുനിന്ന ഗോപാലന്‍ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. വിജിതയുടെ നിലവിളികേട്ട് ഓടിയെത്തിയ ഗോപനും അമ്മയുമാണു തീ കെടുത്തി വിജിതയെ ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ചങ്ങനാശേരി ഡിവൈഎസ്പി എന്‍.രാജന്‍, കറുകച്ചാല്‍ എസ്‌ഐ എം.എസ്.രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. കൊലപാതകശ്രമത്തിനും പീഡനശ്രമത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും കേസ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button