തൊടുപുഴ: സ്വര്‍ണത്തെ വെല്ലുന്ന മുക്കുപണ്ടങ്ങള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിലായി. ആലക്കോടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയ യുവാവിനെ കിടങ്ങൂര്‍ പോലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി സുനീഷ് ആണ് പിടിയിലായത്. മുക്കുപണ്ടംവെച്ച് പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കിടങ്ങൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. പ്രതി പിടിയിലായതറിഞ്ഞ് തൊടുപുഴ പോലീസ് സ്ഥലത്തെത്തി ഇയാളെ തിരിച്ചറിഞ്ഞു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.ഐ. വി.സി.വിഷ്ണുകുമാര്‍ പറഞ്ഞു.
ഏതാനും മാസം മുമ്പാണ് ഇയാള്‍ ആലക്കോട് തട്ടിപ്പ് നടത്തിയത്. മനോജ് ഇടവെട്ടി എന്ന പേരില്‍ എത്തിയ യുവാവ് പിതാവ് ആശുപത്രിയിലാണെന്നും ബില്‍ അടയ്ക്കാന്‍ അടിയന്തരമായി പണം ആവശ്യമായിവന്നതിനാലാണ് സ്വര്‍ണം പണയം വയ്ക്കാനെത്തിയതെന്നും പറഞ്ഞു. ചികിത്സയ്ക്കായതുകൊണ്ട് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ ഉരുപ്പടികള്‍ തൂക്കിനോക്കി പണം നല്‍കുകയായിരുന്നു. പിന്നീട് സംശയം തോന്നി ജീവനക്കാര്‍ ഇവ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
Post Your Comments