തിരുവനന്തപുരം : വാഴപിണ്ടി വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചാലഞ്ചിനെ മറികടക്കാന്‍ പൊലീസ്.
സംസ്ഥാനത്തെ കുറിയര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ വാഴപ്പിണ്ടിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. വാഴപ്പിണ്ടി അയയ്ക്കാന്‍ കൊണ്ടുവന്നാല്‍ എടുക്കരുതെന്നു സ്വകാര്യ കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കു പൊലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നതായാണ് വിവരം. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാഴപ്പിണ്ടി ചാലഞ്ച് തുടങ്ങുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.
വാഴപ്പിണ്ടി ചലഞ്ച് പ്രഖ്യാപിച്ചതിനു പിന്നാലെ തപാല്‍ ഓഫിസുകളില്‍ വാഴപ്പിണ്ടി എടുക്കില്ലെന്നു തീരുമാനിച്ചിരുന്നു. ഇതോടെയാണു, കൊറിയര്‍ സര്‍വീസ് വഴി വാഴപ്പിണ്ടി അയയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിച്ചത്. തൃശൂരും മറ്റു ചിലയിടങ്ങളിലും കൊറിയര്‍ വഴി മുഖ്യമന്ത്രിക്കു വാഴപ്പിണ്ടി അയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അപ്രഖ്യാപിത വിലക്ക്.
കാസര്‍കോട്ടെ ഇരട്ടക്കൊലയില്‍ മൗനം പാലിച്ച ഇടതുപക്ഷ സാംസ്‌കാരിക നായകരോടുള്ള പ്രതിഷേധം അറിയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ മുഖ്യമന്ത്രി ഫെയ്സ്ബുക് കുറിപ്പില്‍ വിമര്‍ശിച്ചതോടെയാണു മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടി ചാലഞ്ച് പ്രഖ്യാപിച്ചത്.
Post Your Comments