വേനല്‍ചൂട് കനക്കുകയാണ്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് പലയിടങ്ങളിലും തുടർച്ചയായി തീപിടുത്തം ഉണ്ടാകുന്നുണ്ട്. ഇത് പലവിധ നാഷനഷ്ട്ടങ്ങൾക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങൾ ഉപഗ്രഹകണ്ണുകളിൽ പതിഞ്ഞതായ വാർത്തയും പുറത്തു വന്നിരിക്കുന്നു. തീപിടിത്തങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യ നിർമിത അപകടങ്ങളാണ് ഇത്തരം തീപിടിത്തങ്ങൾ. ഇത്തരം അപകടങ്ങൾ പതിവായതോടെ തീപിടുത്തം ഒഴിവാക്കുന്നതിന് ജാഗ്രതാ നിർദേശികളുമായി കേരളാ പോലീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
തീപിടിത്തങ്ങൾക്കെതിരെ ജാഗ്രത വേണം
വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപിടിത്തങ്ങൾ വർദ്ധിക്കുകയാണ്.
കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ ചെറുതും വലുതുമായ 567 തീപിടിത്തങ്ങൾ ഉപഗ്രഹകണ്ണുകളിൽ പതിഞ്ഞതായ വാർത്തയും പുറത്തു വന്നിരിക്കുന്നു.
തീപിടിത്തങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മലയോര മേഖലകളിലെ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. പലപ്പോഴും മനുഷ്യ നിർമിത അപകടങ്ങളാണ് ഇത്തരം തീപിടിത്തങ്ങൾ. അശ്രദ്ധയും അവിവേകവുമാണ് ഈ അപകടങ്ങളിലേക്ക് നയിക്കുന്നത്. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. കാട്ടുതീ പടര്‍ന്നാല്‍ വിവരം അറിയിക്കാന്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പരും രേഖപ്പെടുത്തിയിട്ടുണ്ട്.
പട്ടണ പ്രദേശങ്ങളിലാണ് ചെറു തീപിടിത്തങ്ങള്‍ കൂടുന്നത്. കൂട്ടിയിട്ട ചപ്പുചവറും മാലിന്യവും കത്തുന്നതാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത്. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം പൊതുവേ വരണ്ട കാലാവസ്‌ഥയില്‍ വന്‍ ദുരന്തമായി പടരാനുള്ള സാധ്യതയേറെയാണ്.
തീപിടിത്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
ചപ്പു ചവറുകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. ചപ്പുചവറുകൾ കത്തിച്ച ശേഷം തീ പൂർണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക. തീ പടരാവുന്ന ഉയരത്തിലുള്ള മരങ്ങൾക്കു ചുവട്ടിൽ തീ കത്തിക്കരുത്.
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ വെള്ളം ടാങ്കുകളിൽ സൂക്ഷിക്കുക. ഇലക്ട്രിക്ക് ലൈനുകൾക്ക് താഴെ പ്രത്യേക ശ്രദ്ധവേണം. തോട്ടങ്ങളുടെ അതിരിൽ തീ പടരാതിരിക്കാൻ ഫയർ ബ്രേക്കർ നിർമ്മിക്കുക.
പുകവലിച്ച ശേഷം കുറ്റി വലിച്ചെറിയാതിരിക്കുക. (അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയിൽ നിന്നും തീ പടർന്നാണ് പലപ്പോഴും വലിയ അപകടങ്ങൾ ഉണ്ടാകുന്നത്)
സ്ഥാപനങ്ങളിൽ അഗ്നിശമന ഉപകരണങ്ങൾ പ്രവർത്ത സജ്ജമെന്ന് ഉറപ്പാക്കുക. പാചകവാതക സിലിണ്ടർ ഉപയോഗിക്കുമ്പോൾ കനത്ത ജാഗ്രത പാലിക്കുക. പാചകം കഴിഞ്ഞാലുടൻ ബർണർ ഓഫാക്കുക. അഗ്നിശമനസേനയെ വിളിക്കുമ്പോൾ കൃത്യമായ സ്ഥലവിവരങ്ങളും ഫോൺ നമ്പറും നൽകുക.
Post Your Comments