വടക്കാഞ്ചേരി: ഉത്രാളികാവിലെ മാനത്ത് ഇന്ന് വര്‍ണങ്ങള്‍ വിരിയും. വെടിക്കെട്ടിന് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും അനുമതി നല്‍കിയതോടെ തട്ടകദേശങ്ങളും വെടിക്കെട്ട് കമ്പക്കാരും ആഹ്ലാദനിറവിലാണ്. ഉത്രാളിക്കാവ് പൂരത്തിലെ പങ്കാളിത്ത ദേശങ്ങള്‍ നടത്തുന്ന വെടിക്കെട്ടിനാണ് ഇന്ന് തുടക്കമാകുക. രാത്രി 7.30നാണ് വടക്കാഞ്ചേരിവിഭാഗം പൂരവെടിക്കെട്ടിന് തുടക്കം കുറിക്കുക. വെടിക്കെട്ടിന് മുന്നേ പങ്കാളിത്ത ദേശങ്ങളായ എങ്കക്കാടും, വടക്കാഞ്ചേരിയും, കുമരനെല്ലൂരും സൗഹൃദത്തോടെ ഉത്രാളി ഭഗവതിക്ക് ആല്‍ത്തറമേളം സമര്‍പ്പിക്കും. കിഴക്കൂട്ട് അനിയന്‍ മാരാരുടെ പ്രമാണത്തിലാണ് ആല്‍ത്തറയില്‍ പാണ്ടിമേളം. മൂന്നുവിഭാഗങ്ങളുടെയും കാഴ്ചപ്പന്തലുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. എങ്കക്കാടും കുമരനെല്ലൂരും കാവിനുസമീപത്തും വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ പൂരക്കമ്മിറ്റി ഓഫീസിനു മുന്നിലുമാണ് പന്തലൊരുക്കിയിട്ടുള്ളത്. ഞായറാഴ്ച രാത്രി മൂന്നുവിഭാഗത്തിന്റെ പന്തലുകളും ദീപപ്രഭയിലാറാടും.
ചെന്നൈയിലെ എക്സ്പ്ലോസീവ് ജോയിന്റ് കണ്‍ട്രോളര്‍ നിര്‍ദേശിച്ച രീതിയില്‍ 15 ലക്ഷം രൂപ ചെലവില്‍ മാഗസിന്‍ മൂന്നുവിഭാഗക്കാരും നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പെട്രോളിയം എക്‌സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ നിബന്ധനകള്‍ അനുസരിച്ചാണ് മാഗസിന്‍ നിര്‍മിച്ചത്. പെസോ പ്രകാരം ലൈസന്‍സുള്ള ശിവകാശിയിലെ റോസ് ഫയറോ ടെക്നിക് ഉടമ കെ. വിജയകുമാറിനാണ് മൂന്നു വിഭാഗക്കാരും വെടിക്കെട്ടിന്റെ ചുമതല നല്‍കിയിട്ടുള്ളത്.
Post Your Comments