അബുദാബി : ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മ സമ്മേളനത്തില്‍ ഇന്ത്യ അതിഥി രാജ്യമാകുന്നു. അബുദാബിയില്‍ നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടായ്മയുടെ നാല്‍പത്തി ആറാമത് സമ്മേളനത്തിലാണ് ഇന്ത്യ അതിഥി രാജ്യമായി എത്തുന്നത്. അടുത്ത മാസം ഒന്ന്, രണ്ട് തീയതികളിലാണ് സമ്മേളനം.
ഏഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ നടക്കുന്ന ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം പലതുകൊണ്ടും നിര്‍ണായകമാണ്. ഇതിലേക്ക് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ക്ഷണിച്ചത്.
ക്ഷണം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. യു.എ.ഇയുമായുള്ള സമഗ്ര നയതന്ത്ര പങ്കാളിത്തത്തിലെ നാഴികക്കല്ലായാണ് ക്ഷണം കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. 18.5 കോടി മുസ്‌ലിംകളുടെ സാന്നിധ്യത്തിനും ജനസമൂഹങ്ങളുടെ വൈവിധ്യത്തിനും ഇസ്‌ലാമിക ലോകത്തിനും ഇന്ത്യ നല്‍കിയ സംഭാവനക്കുമുള്ള അംഗീകാരമായും ക്ഷണത്തെ കാണുന്നതായും മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക രാജ്യങ്ങളുടെ 50 വര്‍ഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാര്‍ഗരേഖ’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുക. മുസ്‌ലിം ലോകം നേരിടുന്ന വെല്ലുവിളികള്‍, രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.
Post Your Comments