മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്‌സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം ഒഴിവായത്. സമീപത്തെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പോലും കനത്ത ചൂടില്‍ ഉരുകി. തെങ്ങുള്‍പ്പെടെയുളള വൃക്ഷങ്ങളും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ വീടുകളില്‍ നിന്നും ആളുകളെ മാറ്റി. ഇതിനിടെ ഗോഡൌണില്‍ പൊട്ടിത്തെറി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്ത പരന്നതും ആളുകളെ പരിഭ്രാന്തരാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആധുനിക അഗ്‌നിശമനാ സംവിധാനങ്ങളുള്‍പ്പെടെ സ്ഥലത്തെത്തിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും രാത്രിയോടെയാണ് തീ നിയന്ത്രണവിധേയമായത്.
പെയിന്റും അനുബന്ധ ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന്റെ നടുക്കുണ്ടായ തീപിടുത്തം ആളുകളെ പരിഭ്രാന്തരാക്കി. ഗോഡൗണില്‍ തീ പടര്‍ന്നതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഇറങ്ങിയോടി. പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പോലും കേടുപാടുകള്‍ സംഭവിച്ചു. കത്തി നശിച്ച ടിന്നര്‍ ഗോഡൗണ്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചത് പഞ്ചായത്ത് ലൈസന്‍സ് പോലും ഇല്ലാതെയെന്ന് വ്യക്തമായി. സ്ഥാപനത്തിന് ലൈസന്‍സും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെന്ന ഉടമയുടെ അവകാശം കള്ളമാണെന്ന് വിവരാവകാശ രേഖതന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഒരു സുരക്ഷാ മുന്‍കരുതലും ഗോഡൗണില്‍ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. തലനാരിഴക്ക് ജീവന്‍ രക്ഷപെട്ടെങ്കിലും തീപിടിത്തത്തെ തുടര്‍ന്ന് ഭീതിയിലാണ് സമീപവാസികളെല്ലാം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇനി ഈ സ്ഥാപനം ഇവിടെ വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍. ഗോഡൗണിന് തീപിടിച്ച സംഭവത്തില്‍ എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Post Your Comments