IndiaNews

അമിത് ഷായുടെ നിര്‍ദേശങ്ങളില്‍ അണ്ണാ ഡിഎംകെയ്ക്ക് അതൃപ്തി

 

ചെന്നൈ: തമിഴ്‌നാട്ടിലേത് എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യമെന്ന് വിശേഷിപ്പിക്കരുതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഷായുടെ നിലപാടില്‍ അണ്ണാഡിഎംകെയ്ക്ക് അതൃപ്തി. ഇനിമേലില്‍ എന്‍ഡിഎ സഖ്യം എന്നേ പറയാവൂ എന്നാണ് ബിജെപിയുടെ നിലപാട്. സംസ്ഥാനത്തെ 39 സീറ്റില്‍ അഞ്ച് സീറ്റ് എഐഎഡിഎംകെയില്‍നിന്ന് ദാനമായി ലഭിച്ച ബിജെപി അമിതാധികാര പ്രവണതകള്‍ പുറത്തെടുക്കുകയാണെന്ന് ആക്ഷേപുമയര്‍ന്നു.

വെള്ളിയാഴ്ച മധുരയിലെത്തിയ അമിത് ഷാ തമിഴ്‌നാട് ഉപ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോ-ഓര്‍ഡിനേറ്ററുമായ ഒ പന്നീര്‍ശെല്‍വവുമായി രണ്ടുവട്ടം ചര്‍ച്ച നടത്തി. സഖ്യത്തിന്റെ പരിപാടികളില്‍ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു. മാര്‍ച്ച് ഒന്നിന് കാഞ്ചീപുരത്ത് നടക്കുന്ന റാലിയില്‍ മുഖ്യമന്ത്രിയും ഉപ മുഖ്യമന്ത്രിയും പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മധുര ചര്‍ച്ചയില്‍ ബിജെപിയുടെ ഈ ആജ്ഞയ്‌ക്കെതിരെ മറുത്തൊന്നും പറയാന്‍ എഐഎഡിഎംകെ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍, മന്ത്രിമാരടക്കമുള്ള മറ്റ് നേതാക്കള്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പൊരുള്‍തന്നെ ഉത്തരേന്ത്യന്‍ നേതാക്കളുടെ ഇത്തരം ഏകാധിപത്യസ്വഭാവത്തോടുള്ള എതിര്‍പ്പാണ്. ബിജെപിക്ക് തമിഴകത്ത് വേരുറപ്പിക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്.

എന്നാല്‍, മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ഉപ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വവും നിസ്സഹായരാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ അവരെ ആശങ്കപ്പെടുത്തുന്നത് തമിഴ്‌നാട് നിയമസഭയിലെ 20 സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണ്. ഇതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എഐഎഡിഎംകെ മന്ത്രിസഭ നിലംപതിക്കും. 235 അംഗ നിയമസഭയില്‍ ഇപ്പോള്‍ എഐഎഡിഎംകെയ്ക്ക് 115 അംഗങ്ങളാണുള്ളത്. ഡിഎംകെയ്ക്കും സഖ്യകക്ഷികള്‍ക്കുംകൂടി 98 അംഗങ്ങളുണ്ട്. ടി ടി വി ദിനകരന്റെ നേതൃത്വത്തിലുള്ള വിമതപ്പട കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ 18 എഐഎഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും സ്പീക്കറുടെ നടപടി ശരിവയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button