ഡെറാഡൂണ്‍: ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പുതിയ ക്രിക്കറ്റ് ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ഐര്‍ലാന്റിനെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവര്‍ അവസാനിക്കുമ്പോള്‍ 278 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ കെട്ടിപ്പടുത്ത് ‘കുട്ടി ക്രിക്കറ്റി’ലെ ഏറ്റവും വലിയ സ്‌കോര്‍ എന്ന റെക്കോര്‍ഡ് അഫ്ഗാനിസ്ഥാന്‍ സ്വന്തം കൈപിടിയിലൊതുക്കി. ശ്രീലങ്കക്കെതിരെ ആസ്‌ട്രേലിയ 2016ല്‍ നേടിയ 263/3 എന്ന സ്‌കോറാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ സസൈയുടെ ഇന്നിങ്സാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 16 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു സസൈയുടെ ഇന്നിങ്‌സ്. ഐര്‍ലാന്റ് ബൌളര്‍മാരെ ദയാദാക്ഷിണ്യമില്ലാതെ പ്രഹരിച്ച സസായ് 11 ഫോറുകളും 16 സിക്‌സുകളും നേടി. ബൌണ്ടറി കടത്തി മാത്രം സസായ് നേടിയത് 140 റണ്‍സാണ്. വെസ്റ്റ് ഇന്റീസ് താരം ക്രിസ് ഗെയില്‍ മാത്രമാണ് ഇത്രയധികം റണ്‍സ് ടി20 ക്രിക്കറ്റില്‍ ബൌണ്ടറികളിലൂടെ നേടിയിട്ടുള്ളു. 2013ല്‍ പൂനെ വാരിയേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 175 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഗെയില്‍ ബൗണ്ടറിയിലൂടെ മാത്രം നേടിയത് 154 റണ്‍സാണ്.
48 പന്തുകളില്‍ നിന്നും 73 റണ്‍സെടുത്ത ഉസ്മാന്‍ ഖനിയുമായി ചേര്‍ന്ന് സസായ് കൂട്ടിച്ചേര്‍ത്തത് 236 റണ്‍സാണ്. ഇത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും ചേര്‍ന്ന് അടിച്ചുകൂട്ടിയ 223 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇരുവരും തകര്‍ത്തത്.മത്സരത്തില്‍ ഐര്‍ലാന്റിനെ 84 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തി. മറുപടി ബാറ്റിങ്ങില്‍ അയര്‍ലന്‍ഡിനും മികച്ച തുടക്കം ലഭിച്ചു. പോള്‍ സ്റ്റിര്‍ലിങ് (91), കെവിന്‍ ഓബ്രിയാന്‍ (37) എന്നിവര്‍ ആദ്യ വിക്കറ്റില്‍ 126 റണ്‍സെടുത്തു. നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്ത് ഐര്‍ലാന്റ് മികച്ച രീതിയില്‍ തന്നെ പോരാടി. എന്നാല്‍ പിന്നീടെത്തിയവര്‍ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.
Post Your Comments