ആലപ്പുഴ: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് രാമക്ഷേത്രം പണിയുമെന്ന എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രഖ്യാപനം കോണ്‍ഗ്രസ് നിലപാടാണോയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ആ അഭിപ്രായം തള്ളിക്കളയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ യുഡിഎഫും ജാഥ നടത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അഭിപ്രായം വ്യകതമാക്കണം. കോണ്‍ഗ്രസ് നിലപാട് അംഗീകരിക്കുന്നുണ്ടോയെന്ന് മുസ്ലിം ലീഗും പറയണം. ആര്‍എസ്എസിന്റെ അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ ഇവര്‍ക്ക് എങ്ങനെ മതനിരപേക്ഷത സംരക്ഷിക്കാനാകും. കോണ്‍ഗ്രസ് മുന്‍ നിലപാടില്‍ നിന്നു വ്യതിചലിക്കുന്നുവെന്നാണ് പ്രസ്താവന തെളിയിക്കുന്നത്. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനു കഴിയി്ല്ലെന്നു വ്യക്തമാക്കുന്നതാണ് ഈ നിലപാട്.
രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും ഈ വിഷയത്തില്‍ ആര്‍എസ്എസ് കലാപത്തിനു തയ്യാറെടുക്കുകയും ചെയ്യുമ്പോഴാണ് വിശ്വഹിന്ദുപരിഷത്തിനെ കൂടെ നിര്‍ത്താന്‍ ആര്‍എസ്എസ് നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഉദാരവല്‍ക്കരണ നയം തെറ്റാണെന്നു പറയാനോ മാറ്റുമെന്നു പറയാനോ കോണ്‍ഗ്രസ് തയ്യാറല്ല. ബദല്‍ നയങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഇടതുപക്ഷത്തിന് അംഗബലം വര്‍ധിക്കണം. അതിന് സാധ്യതയുള്ള കേരളം കൂടെ നില്‍ക്കണം.
Post Your Comments