കാസര്‍കോട്: കാസര്‍കോഡ് ഇരട്ടകൊലപാതകത്തില്‍ പങ്കുളള കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ കോണ്‍ഗ്രസ് വെറുതേയിരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന് . സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാസര്‍കോട് ഡി.സി.സി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ സി.പി.എമ്മിനെ കെ.സുധാകരന് രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
രണ്ടാളെ പാര്ട്ടിക്കാര് വെട്ടിക്കൊന്നതിനു ശേഷം ഉപദേശിയുടെ റോള്‍ അഭിനയിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്. മുഖം നന്നാവാതെ കണ്ണാടി പിടിച്ചിട്ട് വല്ല കാര്യവുമുണ്ടോ. പ്രതികളെ സഹായിക്കില്ലെന്ന് കോടിയേരിയും പിണറായിയും പറഞ്ഞിട്ട് കാസര്‍കോട്ടെ എം.പിയും എം.എല്‍.എയും എന്തിനാണ് മുഖ്യപ്രതി പീതാംബരന്റെ വീട്ടില്‍ പോയത്.
ഞങ്ങളുടെ രണ്ടു പ്രവര്‍ത്തകരെ വെട്ടിനുറുക്കിയതിന് ഉന്നതര്‍ പലരും ഒത്താശ ചെയ്തിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന് മുമ്ബില്‍ കൊണ്ടുവരുംവരെ ഞങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാവുകളാണ്. പ്രൊഫഷണല്‍ കില്ലര്‍മാരെ ഉപയോഗിച്ചാണ് കൊലകള്‍ നടത്തിയതെന്ന് പകല്‍പോലെ വ്യക്തമാണ്. ഷുഹൈബിന്റെ ശരീരത്തിലെ വെട്ടിനും ശരത്തിന്റെയും കൃപേഷിന്റെയും ശരീരത്തിലെ വെട്ടുകള്‍ക്കും സാമ്യമുണ്ട്. ഷുഹൈബിന്റെ കൊലയാളി സംഘത്തില്‍പ്പെട്ട ഒരാള്‍ കല്യോട്ട് കൊലപാതകത്തിലും പങ്കാളിയാണ്.
അറസ്റ്റിലായ പ്രതികളെല്ലാം കൊലപാതകത്തിന് സഹായിച്ചവരും വഴി കാണിച്ചുകൊടുത്തവരുമാണ്. വെട്ടിയവരും കൊല്ലിച്ചവരും ഇപ്പോഴും പുറത്താണ്. പീതാംബരനാണ് വെട്ടിക്കൊന്നതെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിയുണ്ടായപ്പോള്‍ തന്നെ പോലീസ് നടപടി സ്വികരിച്ചിരുന്നുവെങ്കില്‍ രണ്ടുപേരും ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments