ന്യൂഡല്‍ഹി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട് ചാവേര്‍ ആക്രമണം അറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിയതായി സൂചന. പ്രതികൂല കാലാവസ്ഥയും മോശം നെറ്റ്വര്‍ക്ക് കവറേജും മൂലം പ്രധാനമന്ത്രി ഇക്കാര്യം അറിയാന്‍ 25 മിനിറ്റ് വൈകിയതായി സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. ഈ മാസം 14 ന് വൈകിട്ട് 3.10-നാണ് ആക്രമണമുണ്ടായത്.
അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച് 14ന് രാവിലെ ഏഴിന് നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ എത്തി. തുടര്‍ന്ന് 11.15 മണിയോടെ ജിം കോര്‍ബെറ്റ് നാഷനല്‍ പാര്‍ക്കിലെത്തി. ടൈഗര്‍ സഫാരി, എക്കോ-ടൂറിസം എന്നിവയുടെ ഉദ്ഘാടനത്തിനായി ഏകദേശം മുന്നു മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം കലഗഡ്ഡില്‍ നിന്നു ധികല വനമേഖലയിലേക്ക് പോയി. ബോട്ട് മാര്‍ഗമായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. എന്നാല്‍ ഉച്ചകഴിഞ്ഞ് രുദ്രപുരില്‍ റാലിയില്‍ പങ്കെടുക്കേണ്ടിയിരുന്ന പ്രധാനമന്ത്രി ഭീകരാക്രമണത്തിന്റെ വാര്‍ത്ത അറിഞ്ഞതോടെ അത് ഒഴിവാക്കി.
തുടര്‍ന്ന് രാംനഗര്‍ ഗസ്റ്റ് ഹൗസിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി നിരന്തരം ഫോണില്‍ കാര്യങ്ങള്‍ തിരക്കി. കാര്യങ്ങള്‍ അറിയിക്കാന്‍ വൈകുന്നതില്‍ പ്രധാനമന്ത്രി രോഷം പ്രകടിപ്പിച്ചതായും സൂചനകളുണ്ട്. പിന്നീട് റോഡ് മാര്‍ഗം ബറേലിയിലെത്തി അദ്ദേഹം അവിടെ നിന്നും രാത്രി വൈകി ഡല്‍ഹിയില്‍ എത്തി.
Post Your Comments