കോട്ടയം:പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബൈക്ക് മോഷ്ടിച്ച് വില്പന നടത്തിയ കേസില്‍ പിടിയിലായ രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ചങ്ങനാശേരി പാലാത്ര ഷിനാസ് മന്‍സിലില്‍ ഷിനാസ് (19), കുറിച്ചി സചിവോത്തമപുരം പന്തടിക്കളത്തില്‍ സബിന്‍ (21) എന്നിവരെയാണ് കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ വിറ്റ അഞ്ച് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. ഒളിവില്‍പോയ മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസം കോട്ടയം നഗരത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി പിടിയിലായതോടെയാണ് മോഷണസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച ബൈക്കുകള്‍ വില്പന നടത്തുന്നയാളെയും പ്രായപൂര്‍ത്തിയാകാത്ത നാല് വിദ്യാര്‍ഥികളെയും പിടികൂടുകയായിരുന്നു. വിദ്യാര്‍ഥികള്‍ മോഷ്ടിച്ചുകൊണ്ടുവരുന്ന ബൈക്കുകള്‍ രജിസ്‌ട്രേഷന്‍ നമ്പരും ചേസിസ് നമ്പരും മാറ്റിയശേഷം മറിച്ചുവില്‍ക്കുകയായിരുന്നു സംഘത്തിന്റെ രീതി.
ഒ.എല്‍.എക്സില്‍ വില്‍പ്പനയ്ക്കായി നല്‍കിയിരുന്ന വാഹനങ്ങളുടെ നമ്പരാണ് വിറ്റ ബൈക്കുകളില്‍ എഴുതിയത്. ചങ്ങനാശേരി, തിരുവല്ല റെയില്‍വേ സ്റ്റേഷനുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളാണ് മോഷ്ടിച്ചത്. വയര്‍ മുറിച്ചുമാറ്റിയും കള്ളത്താക്കോലിട്ടുമാണ് കുട്ടികള്‍ മോഷ്ടിച്ചിരുന്നത്. പരിശീലനം നല്‍കിയിരുന്നത് പ്രതി ഷിനാസാണ്.ഒരു ബൈക്കിന് രണ്ടായിരം രൂപയാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ഇരുപതോളം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം.
Post Your Comments