ചേര്‍ത്തല: കാത്തിരിപ്പുകള്‍ക്കൊടുവില്‍ നാലുകുരുന്നുകളെ ഒന്നിച്ചുവരവേറ്റ കുടുംബം ഇന്ന് ഇല്ലായ്മകളുടെ സങ്കടങ്ങളില്‍. തൈക്കല്‍ ഒറ്റമശ്ശേരി കുരിശിങ്കല്‍ കുടുംബത്തിന്റെ കിടപ്പാടം ഇന്ന് ജപ്തി ഭീഷണിയിലാണ്. മത്സ്യത്തൊഴിലാളിയായ ജോസിയുടെയും പ്രിന്‍സിയുടെയും അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനും നിരന്തര പ്രാര്‍ഥനകള്‍ക്കും ഒടുവിലാണ് നാലുകുരുന്നുകള്‍ ഒരുമിച്ചെത്തിയത്.
ഒറ്റപ്രസവത്തില്‍ നാലുകുട്ടികള്‍. മൂന്ന് ആണ്‍കുട്ടികളും ഒരുപെണ്‍കുട്ടിയും. അപ്പു, ആസിക്ക്, അനസ്, അസീന. കളിയും ചിരിയും കുസൃതിക്കൂട്ടുകളുമായി നാലുവയസ്സിലേക്കെത്തിയിരിക്കുകയാണിവര്‍. അഞ്ചുതികഞ്ഞ് ഇവരെ പഠനത്തിലേക്ക് അയയ്‌ക്കേണ്ട കാലമായപ്പോഴാണ് ഇല്ലായ്മകള്‍ ഇവരെ പൊറുതിമുട്ടിക്കുന്നത്. ജോസിയുടെ ഏകവരുമാനമാണ് എട്ടുപേരടങ്ങുന്ന കുടുംബത്തിനാശ്രയം. ജോസിയുടെ അച്ഛന്‍ 65-കാരനായ ജോണിയും അമ്മ മറിയാമ്മയും കൂടി അടങ്ങുന്നതാണ് കുടുംബം.
ഒത്തിരി രോഗങ്ങള്‍ക്കു നടുവിലാണ് ജോണി. പലപ്പോഴും വീടുവിട്ടുപോകുന്ന ജോണിയെ തിരയുന്നതിനും തിരികെയെത്തിക്കുന്നതിനും ചികിത്സയ്ക്കും വലിയതുകയാണ് ചെലവാക്കുന്നത്. 2008-ല്‍ സഹോദരിയുടെ വിവാഹത്തിന് വീടും പുരയിടവും പണയപ്പെടുത്തി ധനകാര്യ സഹകരണസ്ഥാപനത്തില്‍നിന്നെടുത്ത കടംപെരുകി ഏഴുലക്ഷത്തോളമെത്തി. അതോടെ നിര്‍ധനകുടുംബം ജപ്തിഭീഷണിയിലായി.
അടുത്ത സ്‌കൂള്‍തുറപ്പിന് ഒന്നാംക്ലാസിലെത്തുന്ന നാല്‍വര്‍ സംഘത്തിന് മെച്ചപ്പെട്ട വിദ്യാഭ്യാസം, മെച്ചപ്പെട്ട ജീവിതസാഹചര്യം, ഭക്ഷണം എന്നിവ നല്‍കുന്നതിനുയുള്ള ആകുലതകളിലാണ് ഇന്നീ കുടംബം. കടങ്ങള്‍ക്കുമുന്നില്‍ പ്രാര്‍ഥന മാത്രമാണിവര്‍ക്ക് കൂട്ട്.
Post Your Comments