
സ്വതന്ത്രവാദികളുടെ പറുദീസയായിട്ടാണ് ഗോവ അറിയപ്പെടുന്നത്. എത്തിപിടിക്കേണ്ട സ്വപ്നഭൂമിയായാണ് സിനിമകളിലും മറ്റും ഗോവ ചിത്രീകരിക്കപ്പെടുന്നതും. ഇന്ത്യയുടെ ഭാഗമാണെങ്കിലും വ്യത്യസ്തമായ സംസ്കാരമാണ് ഗോവയെ ശ്രദ്ധേയമാക്കുന്നത്.
വൈകിട്ട് 3 മണി മുതല്‍ വെളുക്കുന്നതുവരെ സജീവമാകുന്ന നിരത്തുകള്‍. തിരക്കുകള്‍ പ്രണയിക്കുന്ന നാട്ടുകാര്‍. ആരും തുറിച്ചുനോക്കപ്പെടാത്ത , ജീവിതം ലഹരിയാക്കിയവരും, ലഹരിയിലൂടെ ജീവിക്കുന്നവരും ഒരു പോലെ എത്തുന്ന സ്ഥലം. ഈ പ്രത്യകേതകള്‍ ഗോവയ്ക്ക് മാത്രം സ്വന്തം. ലോകത്തിന്റെ പലഭാഗത്ത് നിന്നും വിദേശികള്‍ ഗോവയിലേക്കു എത്തിയിരുന്നു. ചിലര്‍ ഇവിടെ സ്ഥിരതാമസമാക്കി. 20 ആം നൂറ്റാണ്ടിലെ ഗോവ ഹിപ്പി സംസ്കാരത്തിന്റെ കളിത്തട്ടായിരുന്നു. എന്നാല്‍ ഗോവയുടെ ഈ ഹിപ്പി സംസ്കാരം പതിയെ പതിയെ നാമാവശേഷമായി.
1990 കളിലെ സാമ്പത്തികനയം ഇന്ത്യയിലെ മധ്യവര്‍ത്തികളുടെ കൈയില്‍ പണം എത്തിച്ചു.സര്‍ക്കാര്‍ ജോലികളെക്കാളും നല്ല ശമ്പളം ലഭിക്കുന്ന സ്വകര്യമേഖലയിലാണ് ഒരുപാടു പേര് ജോലി നോക്കുന്നത്. 3 പതിറ്റാണ്ടുകളായി രാജ്യത്തിന്റെ സാമ്പത്തഘടനയിലേക്കു നല്ലൊരുപങ്ക് സംഭാവന നടത്തുന്നത് ഇവരാണ്. അവധിക്കാലവും ആഘോഷവും എല്ലാം ഇന്ന് ഈ തലമുറയുടെ ബഡ്ജറ്റില്‍ ഒതുങ്ങും .
ഗോവയുടെ വീഥികളില്‍ ഇന്ന് നിറയുന്നവരും ഇവരാണ്. ഹിപ്പികളുടെ നഗ്നത ഇന്നത്തെ ഗോവയ്ക്ക് ഉള്‍കൊള്ളാന്‍ സാധിക്കുന്നതല്ല. ഇപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്നും വരുന്ന വിനോദസഞ്ചാരികള്‍ അധികമാണ്. അവരോടൊപ്പം അവരുടെ യാഥാസ്ഥികതയും ഗോവയില്‍ വേരോടുന്നു. ഗോവയിലെ പ്രദേശവാസികളെ ഇത് അലോസരപ്പെടുത്തുന്നുണ്ട്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഇവിടുത്തെ ആഘോഷങ്ങളില്‍ നിന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ കച്ചവടക്കാരുമെത്തുന്നു.
1961 വരെ പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു ഈ സംസ്ഥാനം. ഇന്ത്യന്‍ ആര്‍മി പിടിച്ചെടുത്തെങ്കിലും തന്റെ തനിമ ഉയര്‍ത്തി പിടിച്ചായിരുന്നു ഗോവയുടെ നിലനില്പ്. ‘സൂസിയാഡ്’ എന്നാണ് പോര്‍ച്ചുഗീസുകാരില്‍ നിന്നും പിന്തുടരുന്ന ഉല്ലാസകരമായ ജീവിതരീതിയെ ഇവര്‍ വിളിക്കുന്നത്. എല്ലാവരെയും ഒരുപോലെ കാണുന്ന ഗോവന്‍ മനോഭാവം ഇന്ത്യക്കാരുടെ സ്വതസിദ്ധമായ കപടസദാചാരത്തില്‍ തട്ടി ഉലയുന്നുണ്ട്. പണ്ട് മാറ്റക്കച്ചവടം നടന്നിരുന്ന ഹിപ്പി ചന്തകളെലാം ഇന്ന് സര്‍ക്കാരിന്റെ കീഴില്‍ നികുതി അടച്ചു പ്രവര്‍ത്തിക്കുന്ന കടകളായി. ഗോവയുടെ ബീച്ചുകളില്‍ ഇന്ത്യന്‍ കൗമാരം പതഞ്ഞു തൂകികൊണ്ടിരിക്കുന്നു. കാലത്തിന്റെ മാറ്റത്തില്‍ നിന്നും ഗോവയും രക്ഷപെടുന്നില്ല.കിഴക്കിന്റെ ഈ മുത്ത് ,മുത്തായി തന്നെ നിലനില്ക്കട്ടെ.
Post Your Comments