ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് വിശദീകരണവുമായി ബിജെപി. വിമര്‍ശനവും വിശദീകരണവുമായി കേന്ദ്രമന്തി രവിശങ്കര്‍ പ്രസാദാണ് രംഗത്തെത്തിയത്. മോദി രാംനഗറില്‍ നടത്തിയത് ഔദ്യോഗിക സന്ദര്‍ശനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇമ്രാന്‍ഖാന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രം സമാനമാണെന്നും രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തോടെ കോണ്‍ഗ്രസിന്റെ തനിനിറം പുറത്തായെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മോദി വിരുദ്ധ പരാമര്‍ശത്തില്‍ ആഹ്‌ളാദിക്കുന്നത് പാകിസ്ഥാനാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
പുല്‍വാമയില്‍ 40 സൈനികര്‍ ജീവത്യാഗം ചെയ്തിട്ടും മോദി സന്തോഷവാനാണെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. സൈനികരുടെ 30,000 കോടി രൂപ മോദി സുഹൃത്തിന് സമ്മാനം നല്‍കിയതായും ജീവന്‍ വെടിഞ്ഞ സൈനികരെ രക്തസാക്ഷികളായി പ്രധാനമന്ത്രി പരിഗണിക്കുന്നില്ലെന്നും പറഞ്ഞ രാഹുല്‍ ഇതാണ് മോദി വിഭാവനം ചെയ്ത പുതിയ ഇന്ത്യയെന്നും പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
പുല്‍വാമ ആക്രമണ വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിം ഷൂട്ടിംഗില്‍ ആയിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള ഷൂട്ടില്‍ ആയിരുന്നു മോദിയെന്നും വിവരമറിഞ്ഞ നാലു മണിക്കൂര്‍ വരെ ഷൂട്ടിങ്ങ് തുടര്‍ന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അധികാര ദാഹത്താല്‍ മനുഷ്യത്വം മറന്ന മോദി ജവാന്‍മാരുടെ ജീവത്യാഗം കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. മോദി കപട ദേശീയ വാദിയാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കൊക്കെ മറുപടി നല്‍കിക്കൊണ്ടാണ് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments