കൊല്ലം: ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യവും ആനന്ദലഹരിയുമേകാന്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഇന്ന് നഗരത്തിലെത്തും. കൊല്ലം ആശ്രാമം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ സത്സംഗ് വേദിയില്‍ അദ്ദേഹം അനുഗ്രഹ വചസുകള്‍ ചൊരിയും. ആറ് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം കൊല്ലത്തെത്തുന്നത്.
വൈകിട്ട് നാല് മണിയോടെ കൊച്ചിയില്‍ നിന്ന് ഹെലികോപ്ടറിലാകും ആശ്രാമം മൈതാനത്തെത്തുക. ഭക്തര്‍ പൂര്‍ണകുംഭം നല്‍കി പുഷ്പഹാരം അണിയിച്ച് സ്വീകരിക്കും. രണ്ട് മണിക്കൂര്‍ വിശ്രമത്തിന് ശേഷം ആറു മണിയോടെ ആശ്രാമം മൈതാനത്തെ കൂറ്റന്‍ സത്സംഗ് വേദിയിലെത്തും. മൂന്ന് മണിക്കൂര്‍ അദ്ദേഹത്തിന്റെ പ്രഭാഷണമാണ്. പുരാതന സര്‍വകലാശാലകളായ നളന്ദയുടെയും തക്ഷശിലയുടെയും മാതൃകയില്‍ മനോഹരമായ സ്തൂപങ്ങളും ശില്പങ്ങളും കൊണ്ട് അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വേദിയാണ് സത്സംഗിനായി ഒരുക്കിയിരിക്കുന്നത്. ശ്രീ ശ്രീയുടെ അനുഗ്രഹത്തിനായി സദസ്സിലിരിക്കുന്നവരുടെ അടുത്തേക്ക് അദ്ദേഹത്തിനെത്താന്‍ 500 മീറ്റര്‍ നീളത്തില്‍ മൈതാനത്ത് റാമ്പ് ക്രമീകരിച്ചിട്ടുണ്ട്. തുറന്ന സദസില്‍ അരലക്ഷം പേര്‍ക്ക് ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലേറെ ഭക്തര്‍ എത്തുമെന്നാണ് പ്രതീക്ഷ. പ്രമുഖ ഗായകരടങ്ങുന്ന സംഘം സത്സംഗിന് നേതൃത്വം നല്‍കും. അദ്ദേഹം തോപ്പില്‍കടവിലെ ജ്ഞാനക്ഷേത്രം സന്ദര്‍ശിക്കാനും സാദ്ധ്യതയുണ്ട്. രാത്രി കൊല്ലത്ത് വിശ്രമിച്ചശേഷം നാളെ രാവിലെ പയ്യോളി ആശ്രമത്തിലേക്ക് പോകും.
Post Your Comments