KeralaLatest News

അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിച്ച സർക്കാരാണ് പിണറായി വിജയന്റേതെന്ന് മന്ത്രി പി.തിലോത്തമൻ

ആലപ്പുഴ: കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ചരിത്രപരമായ കുതിപ്പ് നൽകിയ സർക്കാരാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആയിരം ദിനങ്ങൾ പിന്നിടുന്നതെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പുമന്ത്രി പി.തിലോത്തമൻ. സംസ്ഥാന മന്ത്രിസഭയുടെ 1000 ദിനാഘോഷം ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ആലപ്പുഴയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

14 മീറ്റർ വീതിയിൽ തീരദേശ ഹൈവേ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബൈസൈക്കിൾ പാത ഉൾപ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയതായിരിക്കും തീരദേശ ഹൈവേ. മലയോര ഹൈവേയും തീരദേശ ഹൈവേയും സാധ്യമാക്കും. പ്രതിസന്ധികളെ അതിജീവിച്ച് വിഴിഞ്ഞം പദ്ധതിയും ഗെയിൽ പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാൻ സർക്കാരിനായി. ആകർഷകമായ പാക്കേജിലൂടെ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതാണ് ഇവയ്ക്ക് വേഗം പകർന്നത്. കൊല്ലം ബൈപ്പാസ് പൂർത്തിയാക്കി. ആലപ്പുഴ ബൈപ്പാസ് നിർമാണം അന്തിമ ഘട്ടത്തിലാണ്. ഈ സർക്കാർ വന്നതിനുശേഷം എടുത്ത വേഗത്തിലുള്ള നടപടികളാണ് വളരെക്കാലമായി മുടങ്ങിയ ഈ പദ്ധതികൾ വേഗത്തിലാക്കാൻ കഴിഞ്ഞതെന്ന് ഏവർക്കും അറിയാം. പൊതുമേഖലാസ്ഥാപനങ്ങളുടെ കാര്യശേഷി വർദ്ധിപ്പിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. പ്രളയത്തിനു ശേഷം എല്ലാം തകർന്ന കാർഷികമേഖലയ്ക്ക് പുത്തനുണർവേകി ഉത്പാദനം കൂട്ടാനുള്ള നടപടികൾക്കാണ് സർക്കാർ നേതൃത്വം നൽകിയത്.

പരമ്പരാഗത തൊഴിൽ മേഖലയിൽ ഉണർവ് സൃഷ്ടിച്ചു. കയർമേഖലയ്ക്ക് കൂടുതൽ തുക നീക്കിവച്ചു. കശുവണ്ടി മേഖലയിൽ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ക്ലാസ് റൂമുകൾ ഹൈടെക്കാക്കി.ഈ രംഗത്തെ പുത്തനുണർവ് സ്വകാര്യ സ്‌കൂളുകളിൽ നിന്ന് മൂന്നര ലക്ഷം പുതിയ വിദ്യാർഥികളെയാണ് സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലേക്ക് തിരിച്ചെത്തിച്ചത്. ആർദ്രം പദ്ധതി വഴി താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജിലും അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി. 40 പുതിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കൂടി ഈ വർഷം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തുകയാണ്. സമസ്ത മേഖലകളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി പി.തിലോത്തമൻ പറഞ്ഞു. വിലക്കയറ്റം ഇല്ലാത്ത അന്തരീക്ഷം സൃഷ്ടിച്ചു. ഇത് വലിയ നേട്ടമാണ്. കഴിഞ്ഞ ആയിരം ദിനങ്ങളിൽ പെട്രോൾ-ഡീസൽ വില കൂടിയെങ്കിലും അരിയുടെ വില ഏറ്റവും മികച്ചതിന് 30,32 രൂപയ്ക്ക് നിലനിർത്താനായി. റേഷൻ കടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിക്കുകവഴി റേഷൻവിതരണം സുതാര്യമാക്കി. അടുത്തഘട്ടമായി ഈ-പോസ് മെഷീൻ വെയിങ് മെഷീനുകളുമായി ബന്ധപ്പെടുത്തുകയാണ്. ചില അവശ്യസാധനങ്ങളുടെ വില വരുന്ന അഞ്ചു വർഷവും വർദ്ധിപ്പിക്കില്ല എന്ന വാക്കുപാലിക്കാൻ ഈ സർക്കാരിന് കഴിഞ്ഞു. ഇതൊക്കെ സാധിച്ചത് മഹാപ്രളയത്തിന്റെ തിരിച്ചടികളെ അതിജീവിച്ചുകൊണ്ടാണ്. 40,000 കോടിയിലധികമാണ് പ്രളയത്തിലെ നാശനഷ്ടം. പ്രളയത്തിൽ തകർന്ന വീടുകൾ നിർമ്മിക്കുന്നതിനും റോഡുകൾ പുനർനിർമ്മിക്കുന്നതിനും വൻ തുക കണ്ടെത്തുന്നതിന് ഇടയിലാണ് കേരളത്തിന്റെ പുനർനിർമ്മാണം എന്ന ദൗത്യം സർക്കാർ ഏറ്റെടുത്തത്. റോഡുകൾ മറ്റൊരു കാലത്തും ഇല്ലാത്ത വിധം മികച്ച നിലയിലാക്കി. ധനമന്ത്രി അവതരിപ്പിച്ചത് പുനർനിർമ്മാണത്തിന് ഏറെ അനുയോജ്യമായ ബജറ്റാണ്. എന്നാൽ കേന്ദ്രസർക്കാർ പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് കേരളത്തോട് കാണിച്ചത്. പ്രളയാനന്തരം വിദേശ രാജ്യങ്ങളുടെ സഹായം പോലും നമുക്ക് നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളികളെ നേരിടണമെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button