തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തമ്പാനൂര്‍ ശ്രീകുമാര്‍ തീയറ്റര്‍ അങ്കണത്തില്‍ സംഘടിപ്പിച്ച തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പൊങ്കാല അര്‍പ്പിക്കാന്‍ വന്ന അനേകം പേര്‍ക്ക് ആശ്വാസമായി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ സീരിയല്‍ താരങ്ങളായ മല്ലിക സുകുമാരന്‍, പ്രദീപ് ചന്ദ്രന്‍, ജോബി, കൗണ്‍സിലര്‍ ജയലക്ഷ്മി, തമ്പാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.എം. ശ്രീകുമാര്‍, മൃതസഞ്ജീവനി കോ-ഓര്‍ഡിനേറ്റര്‍മാരായ അനീഷ് പി.വി., വിനോദ് കുമാര്‍ എസ്.എല്‍. എന്നിവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം പ്രൊഫസറും ഐ.എം.എ. അവയവദാന ബോധവത്ക്കരണ സമിതി അധ്യക്ഷനുമായ ഡോ. എസ്. വാസുദേവന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്. മൃതസഞ്ജീവനി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍, തമ്പാനൂര്‍ ബ്രദേഴസ് എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.
നൂറിലേറെ പേര്‍ ഈ മെഡിക്കല്‍ ക്യാമ്പില്‍ ചികിത്സ തേടിയെത്തി. ചൂടും പുകയും കൊണ്ടുള്ള അസ്വസ്ഥതകളുള്ളവരായിരുന്നു അധികവുമെത്തിയത്. ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ എല്ലാവരേയും പ്രഥമശുശ്രൂഷയും മരുന്നും നല്‍കി വിട്ടയച്ചു.
മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുടെ സേവനമുള്‍പ്പെടെ ഒരേസമയം 10 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വിപുലമായ സംവിധാനമാണ് ശ്രീകുമാര്‍ തീയറ്റര്‍ വളപ്പില്‍ ഒരുക്കിയത്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനായി സൗജന്യ ആമ്പുലന്‍സ് സൗകര്യവും ലഭ്യമാക്കിയിരുന്നു.
ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍, തമ്പാനൂര്‍ ബ്രദേഴസ് എന്നിവയുടെ നേതൃത്വത്തില്‍ 10,000 പേര്‍ക്ക് സൗജന്യ ഭക്ഷണവും വിതരണം ചെയ്തു. ഇവരുടെ നൂറിലധികം വോളന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
Post Your Comments