വാഷിംഗ്ടണ്‍ : വ്യോമ പാതാ വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കയും ഉത്തരകൊറിയയും ഇടയുന്നു. ഉത്തര കൊറിയന്‍ വ്യോമഗതാഗതം വികസിപ്പിക്കാനുള്ള നീക്കം അമേരിക്ക തടഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. . വിദേശ വിമാനങ്ങളടക്കം ഉള്‍പ്പെടുത്തി യു.എന്‍ ഏജന്‍സിയുടെ നേതൃത്വത്തിലുള്ള വ്യോമപാതാ വികസനത്തിനാണ് അമേരിക്ക തടയിട്ടത്. ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് അമേരിക്ക – ഉത്തര കൊറിയ ചര്‍ച്ച നടക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.
ഈ മാസം അവസാനമാണ് വിയറ്റ്നാമില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നത്. ലക്ഷ്യം ആണവ നിരായുധീകരണം തന്നെ. ഉത്തര കൊറിയ നടത്തുന്ന ആണവായുധ – മിസൈല്‍ നിര്‍മാണം അവസാനിപ്പിക്കുന്നത് വരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് അമേരിക്കയെന്നാണ് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തര കൊറിയന്‍ വ്യോമപാത വികസനത്തെ അമേരിക്ക എതിര്‍ത്തിരിക്കുന്നത്.
192 അംഗരാജ്യങ്ങളുള്ള യു.എന്‍ അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയുടെ നേതൃത്വത്തില്‍ ആണ് പുതിയ വ്യോമപാതക്കായുള്ള ജോലികള്‍ പുരോഗമിച്ചിരുന്നത്. ഇരു കൊറിയകള്‍ക്കും ഇടയിലാണ് ഈ പാത. ആണവ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ വളഞ്ഞവഴിയിലൂടെയാണ് വിമാനങ്ങള്‍ സഞ്ചരിക്കുന്നത്. യഥാര്‍ത്ഥ പാത സുരക്ഷിതമായാല്‍ അതുവഴിയുള്ള അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് ഇന്ധനവും സമയവും ഏറെ ലാഭിക്കാം. എന്നാല്‍ ആണവ നിരായുധീകരണം പൂര്‍ണതോതില്‍ പ്രാബല്യത്തിലാകുന്നത് വരെ ഉത്തര കൊറിയക്ക് യാതൊരു ആനുകൂല്യവും നല്‍കരുതെന്ന് യു.എന്‍ ഏജന്‍സിയോട് അമേരിക്ക നിര്‍ദേശിച്ചു.
Post Your Comments