KeralaLatest News

സഞ്ചാരികളെ ക്ഷണിച്ച് തട്ടേക്കാടും ഭൂതത്താന്‍കെട്ടും

മഹാ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ തട്ടേക്കാടും ഭൂതത്താന്‍കെട്ട് വിനോദസഞ്ചാര കേന്ദ്രവും തിരിച്ചു വരവിന്റെ പാതയില്‍. രാജ്യത്തെ ഏറ്റവും വലിയ പക്ഷി സങ്കേതമായ തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. പക്ഷി സങ്കേതത്തിന് ചേരുന്ന രീതിയില്‍ വേഴാമ്പല്‍ എന്നാണ് ബോട്ടിന് പേരിട്ടിരിക്കുന്നത്.

വിപുലമായ സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്; ബോട്ടിംഗ് പുനരാരംഭിച്ചതോടെ ഭൂതത്താന്‍കെട്ടിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. പെരിയാറിന്റെ മനോഹാരിത ആസ്വദിക്കാനുള്ള അവസരമാണ് വനംവകുപ്പ് ഒരുക്കിയിരിക്കുന്നത്. ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തുകയും പെരിയാറില്‍ ജലവിതാനം ഉയരുകയും ചെയ്തതോടെയാണ് വേഴാമ്പല്‍ സര്‍വീസ് തുടങ്ങിയത്.

ബോട്ടില്‍ സുരക്ഷക്ക് ആവശ്യമായ ലൈഫ് ജാക്കറ്റും മറ്റ് സജ്ജീകരണങ്ങളുമുണ്ട്. വനം വകുപ്പിന്റെ ഒരു ഗൈഡിന്റെ സേവനവും ബോട്ടില്‍ ലഭ്യമാണ്. രണ്ട് പാതകളിലാണ് പ്രധാനമായും ബോട്ട് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും ബോട്ട് സര്‍വീസ് ഉണ്ടാകും.രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സേവനം വൈകിട്ട് 4 .30 വരെ തുടരും.

ഇത് കൂടാതെ പെഡല്‍ ബോട്ടുകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. നാല് പേര്‍ക്കും രണ്ട് പേര്‍ക്കും സ്വയം നിയന്ത്രിച്ച് ഇതില്‍ യാത്ര ചെയ്യാം. ചെറുതും വലുതുമായ നിരവധി ബോട്ടുകളാണ് ഇവിടെയുള്ളത്. നൂറു പേര്‍ക്ക് സഞ്ചരിക്കാവുന്ന വലിയ ബോട്ടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പശ്ചിമഘട്ട മലനിരകള്‍ക്കിടയിലൂടെ പെരിയാറിനെ കീറി മുറിച്ചുള്ള ബോട്ട് യാത്ര ഹൃദ്യമാണ്.വന്യമൃഗങ്ങളെയും യാത്രയില്‍ കാണാന്‍ കഴിഞ്ഞേക്കും. സ്വദേശികളും വിദേശികളുമായ നിരവധി പക്ഷികളെയും കാണാനാകും.

shortlink

Post Your Comments


Back to top button