പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെയും ഭീകരവാദികള്‍ക്കെതിരെയും കടുത്തനടപടി വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുകയാണ്. രാജ്യമെമ്പാടും. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ട സൈനികര്‍ക്കു നേരെ നടന്ന ആക്രമണം അത്രമാത്രം രാജ്യത്തെ വേദനിപ്പിച്ചിരിക്കുന്നു. അടുത്തകാലത്തൊന്നും രാജ്യത്തെ മുഴുവന്‍ വേദനിപ്പിച്ച ഇങ്ങനെയൊരു ദുരന്തം ഉണ്ടായിട്ടില്ല. പ്രതിഷേധം വ്യാപകമാകുന്നതിനിടെ ജമ്മു കശ്മീരിലെ വിനോദസഞ്ചാരം തടയണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍സിയും രംഗത്തെത്തി.
പാക്കിസ്ഥാന് അനുകൂല നിലപാട് പിന്തുടരുന്നതിനാല് എല്ലാ ചൈനീസ് ഉല്പന്നങ്ങളും ബഹിഷ്ക്കരിക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. ജമ്മുകശ്മീരിലെ ചെറുപ്പക്കാരും വിദ്യാര്‍ഥികളും അടങ്ങുന്നവര്‍ രാജ്യത്തിന്റെ സുരക്ഷാ സൈനികരെ കല്ലെറിയുകയും ഭീകരപ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ അവസരം ഒരുക്കുകയും ചെയ്യുന്നതാണ് ശിവസേന എംഎല്‍സിയെ പ്രകോപിപ്പിച്ചത്. മനിഷ കയണ്ടേയാണ് ജമ്മു കശ്മീരിനും ചൈനയ്ക്കുമെതിരായ നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നത്. എംഎല്‍സിക്കു പുറമെ ശിവസേനയുടെ വക്താവുമാണ്.
ഇന്ത്യന്‍ സൈനികര്‍ക്കുനേരെയുള്ള മനോഭാവം കശ്മീരില്‍ മാറണം. മാറ്റം വരണമെങ്കില്‍ വിനോദസഞ്ചാരികള്‍ അവിടേക്കു പോകരുത്- മനീഷ കടുപ്പിച്ചു പറയുന്നു. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം ലോകമെങ്ങുനിന്നും ആയിരക്കണക്കിനു സഞ്ചാരികളാണ് ദിവസവും കശ്മീരില്‍ എത്തുന്നത്. ടൂറിസമാണ് സംസ്ഥാനത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗവും. സഞ്ചാരികള്‍ സംസ്ഥാനത്തെ കൈവിടുകയും വരുമാനം ഇല്ലാതാകുകയും ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന് എതിരെനില്‍ക്കുന്ന പ്രദേശവാസികള്‍ ഒരുപാഠം പഠിക്കുമെന്നാണ് എംഎല്‍സി മനീഷയുടെ നിലപാട്.
അടുത്ത രണ്ടുവർഷത്തേക്ക് എല്ലാവരും കശ്മീര്‍ ഉപേക്ഷിക്കണമെന്നും മനീഷ പറയുന്നു. സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്നതാണ് പല കശ്മീരികളുടെയും നലപാടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണെങ്കിലും പാക്കിസ്ഥാനെ അനുകൂലിക്കുന്ന സമീപനമാണ് ചൈന പുലര്‍ത്തുന്നത്. അതുകൊണ്ട് ചൈനീസ് ഉല്പന്നങ്ങളും ബഹിഷ്കരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചെങ്കിലും ഭീകരസംഘടനയുടെ നേതാവ് മസൂദ് അസറിനെ രാജ്യാന്തര കുറ്റവാളിയായി പരിഗണിക്കണമെന്ന ഇന്ത്യന്‍ ആവശ്യത്തെ ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല.
Post Your Comments