പൂനെ: മഹാരാഷ്ട്രയില്‍ വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പട്ടിണിക്കിട്ട് അവരുടെ ആര്‍ത്തവരക്തം ദുര്‍മന്ത്രവാദത്തിനായി 50,000 രൂപയ്ക്ക് വിറ്റുവെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. മഹാരാഷ്ട്രയിലെ ബീഡിലെ സൗന്ദന ഗ്രാമത്തിൽ നിന്നുള്ള യുവതിക്കാണ് ക്രൂരമർദ്ദനം നേരിടേണ്ടി വന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയുടെ എംഎല്‍സി മനീഷ കയാന്ഡേയാണ് വിഷയം ശ്രദ്ധയില്‍പെടുത്തിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ അറിയിച്ചു.
പൂനെയിലെ വിശ്രാന്ത്വാഡി പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ബലാത്സംഗം ചെയ്തയാള്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കേസിൽ നീതി തേടി യുവതിയുടെ മാതൃ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. മാസമുറ സമയത്ത് മൂന്ന് ദിവസത്തോളം പട്ടിണിയ്ക്കിട്ടതായും യുവതി ആരോപിക്കുന്നുണ്ട്. മന്ത്രവാദ ആവശ്യങ്ങൾക്കായി തന്റെ ആർത്തവ രക്തം ശേഖരിച്ച ഭർതൃവീട്ടുകാർ അത് 50,000 രൂപയ്ക്ക് ഒരാൾക്ക് വിറ്റെന്നും യുവതി ആരോപിക്കുന്നു.
2019 ല്‍ ആണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. എന്നാല്‍ അന്നുമുതല്‍ ഭര്‍ത്താവും കൂടുംബവും സ്ത്രീധനത്തിന്റെയും മറ്റും പേരു പറഞ്ഞ് പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ദുര്മന്ത്രവാദത്തിനെതിരേ മഹാരാഷ്ട്ര ഗവണ്മെന്റ് കൊണ്ടുവന്ന പുതിയ നിയമത്തിന് കീഴിലാണ് കേസെടുത്തിരിക്കുന്നത്. പൂനെയില്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് രണ്ടു മാസത്തിനിടയില്‍ രണ്ടാമത്തെ സംഭവമാണ് ഇത്. സംഭവത്തില്‍ മഹാരാഷ്ട്ര വനിതാകമ്മീഷനും കേസെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments