രതി നാരായണന്
കണ്ണൂരിനെ കണ്ണീരിന്റെ നാടാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തം സിപിഎമ്മിന് പതിച്ചുനല്കിയേ തീരൂ. പാര്‍ട്ടിയിലെ കണ്ണൂര്‍ ലോബികള്‍ അധികാരകേന്ദ്രങ്ങളിലെത്തി കണ്ണൂര്‍ മോഡല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുന്നതിന് കേരളം എത്രയോ വര്‍ഷങ്ങളായി സാക്ഷികളാണ്. രാഷ്ട്രീയ എതിരാളികളെ മൃഗീയമായി കൊലപ്പെടുത്തി അവരുടെ വേരറുക്കുന്ന പ്രാകൃതരീതി തുടരുന്ന സിപിഎമ്മിനെയാണ് നവോത്ഥാനത്തിന്റെ കാവലാളുകളായി പ്രകീര്‍ത്തിച്ച് കേരളത്തിലെ സാംസ്കാരിക ബു്ദ്ധിജീവികള് അവര്‍ക്കൊപ്പം തോളോട് തോള് ചേര്‍ന്ന്് നിന്ന് ഐക്യം പ്രഖ്യാപിക്കുന്നത്. സിപിഎമ്മിന്റെ കൈകളിലെ ചോര കണ്ടില്ലെന്ന് നടിച്ച് അധികാരത്തിനും അംഗീകാരത്തിനും വേണ്ടി കാണിക്കുന്ന മൂന്നാംതരം പുരോഗമനവാദത്തിന്റെ കാവലാളുകള്‍ക്ക് ധൈര്യമുണ്ടോ സര്‍ക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ വെല്ലുവിളി മുഴക്കി അണിനിരക്കാന്‍.
കേന്ദ്രത്തില്‍ മോദി സര്‍ക്കാരിനെതിരെ അക്രമത്തിന്റെയും അസമത്വത്തിന്റെയും പേരില്‍ വാളോങ്ങുന്നവര്‍ സ്വന്തം മണ്ണില്‍ നടക്കുന്ന നരനായാട്ടില്‍ മൗനം പാലിക്കുന്നതാണ് ഏറ്റവും നികൃഷ്ടം. പിണറായി സര്‍ക്കാരില്‍ നിന്ന് നവോത്ഥാനത്തിന്റെയും സമത്വത്തിന്റെയും സംസ്കാരത്തിന്റെയും പേരില്‍ പട്ടുംവളയും വാങ്ങിക്കൂട്ടിവയ്ക്കുന്നവര് ധാരാളമുണ്ട് കേരളത്തില്‍. ആര്‍ക്കെങ്കിലും സിപിഎമ്മിന്റെ കിരാതരാഷട്രീയത്തെ പരസ്യമായി വിമര്‍ശിച്ച് അതിനെതിരെ സമരം പ്രഖ്യാപിക്കാനുള്ള ധൈര്യമുണ്ടോ. അല്ലെങ്കില്‍ ചോരക്കറ പുരണ്ട സഖാക്കളുടെ ഇത്തരത്തിലുള്ള പുരസ്കാരങ്ങളൊന്നും ഞങ്ങള്‍ക്ക് വേണ്ടെന്നും അത് തിരികെ നല്‍കുകയാണെന്നും തുറന്ന് പറഞ്ഞ് മുന്നോട്ട് വരാനുള്ള ചങ്കുറപ്പുണ്ടോ. ഒന്നും രണ്ടുമല്ല ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളാണ് പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം മാത്രം ഈ നാട്ടില്‍ നടന്നത്. അതില്‍ യഥാര്‍ത്ഥത്തില്‍ വേദനയുള്ള കവികളില്ലേ, എഴുത്തുകാരില്ലേ, സാംസ്കാരിക നായകരില്ലേ പുരോഗമനക്കാരില്ലേ.. മുന്നോട്ട് വരിക എല്ലാവരും, ഈ ചോരക്കറയുടെ പുരസ്കാരം തിരികെ ഏല്‍പ്പിക്കുന്നു എന്നുറക്കെ പറയുക.
രാഷ്ട്രീയപ്പകയുടെ പേരില്‍ ഒരാളുടെ ജീവനെടുക്കാന്‍ തീരുമാനിക്കുക എന്നത് മാത്രമല്ല കൊല്ലപ്പെടേണ്ടവനെ എത്രമാത്രം ഭീകരമായി ആക്രമിക്കാം എന്നുവരെ കണക്കുകൂട്ടലുകള്‍ നടത്തിയാണ് സിപിഎം ഇരയുടെ പേര് വെട്ടുന്നത്. ജയകൃഷ്ണന് മാസ്റ്റര്‍ വധത്തിലും ടിപി വധത്തിലും ഷുക്കൂര്‍ വധത്തിലും അവസാനം കണ്ണൂരില്‍ യൂത്ത ്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് ചെറുപ്പക്കാരുടെ ജീവനെടുത്തപ്പോഴും ഈ പൈശാചിക മനോഭാവം കേരളം കാണുന്നുണ്ട്. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വളരെ പരിശീലനം നടത്തിയതിന് ശേഷം നടത്തുന്ന ആക്രമണങ്ങള്‍ സിപിഎമ്മിനെ എതിര്‍ക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. എതിര്‍ത്താല്‍ ചോദ്യം ചെയ്താല്‍ പെട്ടെന്നൊരു പ്രകോപനത്തില്‍ ഒരു കല്ലെങ്കിലും ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ വന്നാല്‍ ഗതി ഇങ്ങനെയാകുമൈന്ന കൃത്യമായ മുന്നറിയിപ്പ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് അറിയുമ്പോള്‍ ഭരിക്കുന്നവരുടെ പിന്തുണ പാര്‍ട്ടിയിലെ കൊലപാതകികള്‍ക്ക് എത്രമാത്രം ധൈര്യം നല്കുന്നു എന്ന് മനസിലാക്കാം. ചാനല്‍ ചര്‍ച്ചകളിലും പൊതുവേദികളിലും വിപ്ലവപാര്‍ട്ടിയ്ക്ക് ഒരു ശൈലിയുണ്ട്. അധ്വാനിക്കുന്നവന്റെയും കഷ്ടപ്പെടുന്നവന്റെയും വിയര്‍പ്പിനൊപ്പം നില്ക്കുന്നു എന്ന ഉപരിപ്ലവമായ മുദ്രാവാക്യത്തിന് മാനസിക അടിമകളായി മാറി അരിവാളില്‍ പുതിയൊരു പുലരി സ്വപ്നം കണ്ടവര്ക്ക്പോലും അംഗീകരിക്കാനാകാത്ത അധികാരഭ്രമവും ചോരക്കൊതിയും ധാര്‍ഷ്ട്യവുമാണ് ഇന്ന് സിപിഎമ്മിന്റെ കൈമുതല്‍. ചോദ്യം ചെയ്യാന്‍ പാടില്ലാത്തവരാണെന്ന ശരീരഭാഷകൊണ്ട് അപ്രിയമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുട്ടിനേതാക്കള്‍ പോലും കാണിക്കുന്ന അസഹിഷ്ണുതയും ധിക്കാരവും കേരളത്തിലെ ജനങ്ങള്‍ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖവും, സ്വജനപക്ഷപാതത്തിന്റെ അഴിമതിക്കറയും കേരളത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് അന്നുമിന്നും സിപിഎം തന്നെയാണ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഷ്കൃതസമൂഹത്തില്‍ ഇടമില്ലെന്ന് രൂക്ഷവിമര്‍ശനം ഹൈക്കോടതിയും നടത്തിയിരിക്കുന്നു. എതിരാളികളെ ഉന്മൂലം ചെയ്യുന്ന നിലപാടുള്ളവര്‍ അതില്‍നിന്ന് പിന്മാറണമെന്നും ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കുമ്പോഴും ഇതൊന്നും ചെയ്യുന്നത് തങ്ങളല്ലെന്നും പാര്‍ട്ടിക്കാരായ ആരെങ്കിലും ഇത്തരം കൊലപാതകങ്ങളില്‍ പങ്കുള്ളവരാണെങ്കില് ഒരു പിന്തുണയും പാര്ട്ടിഭാഗത്ത് നിന്ന് ുണ്ടാകില്ലെന്നും ആണയിടുന്നുണ്ട് വലിയ നേതാക്കള്‍. പക്ഷേ കൊല്ലിക്കുന്നവര്ക്കും കൊലപാതകികള്‍ക്കും കാലങ്ങളായി സുരക്ഷിത താവളങ്ങളൊരുക്കി കോടതിയിലും ജയിലിലും വേണ്ടതെല്ലാം നല്‍കുന്നത് സഖാക്കള്‍ തന്നെയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. രാഷട്രീയമായ ഏതെങ്കിലും പക്ഷത്ത് നിന്ന് സിപിഎമ്മിനെ കുറ്റപ്പെടുത്താനല്ല അവരുടെ അക്രമരാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്നത്. രാഷ്ട്രീയം എന്തായാലും അധികാരസ്ഥാനത്ത് ആരാണെങ്കിലും ഇത്തരത്തിലുള്ള കൊടുംപാതകങ്ങള്‍ക്ക് കുട പിടിക്കുന്നത് പൊറുക്കാനാകാത്ത തെറ്റ് തന്നെയാണെന്നാണ് ഓരോ മനുഷ്യസ്നേഹിയും വിളിച്ചു പറയുന്നത്.
Post Your Comments