ഇസ്ലാമാബാദ് : പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പാക് പഞ്ചാബ് പ്രവിശ്യ ഗവർണർ മുഹമ്മദ് സർവാർ. ഇന്ത്യൻ സൈന്യത്തിനു നേരേ നടന്ന ആക്രമണത്തെ അപലപിക്കുന്നു. അതിന്റെ ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ എത്തിക്കണം. എന്നാൽ അതിന്റെ പേരിൽ പാകിസ്ഥാനെ ഭീഷണിപ്പെടുത്താൻ നിന്നാൽ വിലപ്പോവില്ലെന്നും സർവാർ പറഞ്ഞു. സമാധാനത്തിനു വേണ്ടി പാകിസ്ഥാൻ ഉറച്ച് നിൽക്കുന്നത് ഒരു ബലഹീനതയായി കാണാൻ പാടില്ല.
ഇന്ത്യ ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകാൻ പാകിസ്ഥാന് അറിയാമെന്നും മുഹമ്മദ് സർവാർ അവകാശപ്പെട്ടു.ഇന്ത്യ കശ്മീരിൽ നടത്തുന്നത് വംശഹത്യയാണെന്ന് സർവാർ ആരോപിച്ചു. ഇത് പാകിസ്ഥാൻ എല്ലാ അന്താരാഷ്ട്രവേദികളിലും ഉന്നയിക്കാറുണ്ടെന്നും സർവാർ ചൂണ്ടിക്കാട്ടി.പാകിസ്ഥാനു വേണ്ടി ജീവൻ ത്യജിക്കാൻ എല്ലാവരും തയ്യാറാണ്. അതിർത്തികൾ ഞങ്ങൾ പൊന്നു പോലെ കാക്കും.
ഇന്ത്യയുടെ ഏതു ഭീഷണിയും പാകിസ്ഥാൻ സൈന്യം നേരിടുമെന്നും സർവാർ അവകാശപ്പെട്ടു. പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിനു നേരേ പാക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകര സംഘടന ജെയ്ഷ് ഇ മൊഹമ്മദ് നടത്തിയ ആക്രമണത്തിൽ 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തെ തുടർന്നായിരുന്നു സർവാറിന്റെ പരാമർശം.
Post Your Comments