തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്‍കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പിന്നോക്ക സമുദായാംഗങ്ങളായ സംരംഭകരില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കും അവശ്യ അടുക്കള/ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായാണ് ലോണ്‍ അനുവദിക്കുന്നത്. പരമാവധി 1 ലക്ഷം രൂപ 3% പലിശ നിരക്കില്‍ 150 പേര്‍ക്ക് നല്‍കുന്നതാണ് ന്യൂ സ്വര്‍ണിമ പദ്ധതി.
ഇക്കഴിഞ്ഞ പ്രളയത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് വാസസ്ഥലവും അനേകായിരങ്ങള്‍ക്ക് തൊഴിലും ജീവിത മാര്‍ഗവും നഷ്ടപ്പെട്ടിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ഏത് സമൂഹത്തിലും ഗുരുതരമായി ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ദുരിതം നേരിട്ട കുടുംബങ്ങളെയും വ്യക്തികളെയും സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും കേരള സര്‍ക്കാര്‍ നിരവധി ദുരിത നിവാരണ പദ്ധതികള്‍ക്ക് രൂപം കൊടുത്ത് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായാണ് ദേശീയ പിന്നോക്ക ധനകാര്യ വികസന കോര്‍പറേഷന്റെ സഹായത്തോടെ വനിതാ വികസന കോര്‍പ്പറേഷന്‍ പ്രളയബാധിത പ്രദേശങ്ങളിലെ വനിതകള്‍ക്ക് വായ്പ സഹായം ലഭ്യമാക്കുന്നത്. പിന്നോക്ക സമുദായാംഗങ്ങളായ 150 പേര്‍ക്ക് വായ്പ നല്‍കുന്നതിനായി ഒന്നരക്കോടി രൂപയാണ് ദേശീയ പിന്നോക്ക ധനകാര്യ വികസന കോര്‍പ്പറേഷന്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് കൈമാറിയത്.
വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ, മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി. എന്നിവര്‍ പങ്കെടുത്തു.
Post Your Comments