തിരുവനന്തപുരം: കേരളത്തെ പ്രബുദ്ധതയുള്ളതാക്കുന്നത് ഔഷധ സസ്യ സമ്പത്താണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. രോഗിക്കു ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കാത്ത ആയുര്‍വേദം പോലെയുള്ള കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികള്‍, രാസവസ്തുക്കളുടെയും കീടനാശിനിയുടെയുംപിടിയില്‍ പെട്ട് ഭീഷണി നേരിടുന്നുവെന്നും മന്ത്രി പറഞ്ഞു. കനകക്കുന്നില്‍ നടക്കുന്ന പ്രഥമ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ചു നടന്ന കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നൈസര്‍ഗീകവും ശുദ്ധവുമായ കൃഷി ചെയ്യുവാന്‍ ഈ കാലഘട്ടത്തില്‍ സാധിക്കാതെ പോകുന്നതിനെതിരെയുള്ള ബോധവത്കരണമാണ് ഇത്തരം വേദികള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമായി നൂറ്റിയറുപതോളം കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു.
ഉല്‍പന്നങ്ങളുടെ വിപണനമാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് (എന്‍എംപിബി) അസിസ്റ്റന്റ് അഡൈ്വസര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു. വിപണിയില്‍ ഡിമാന്റുള്ള സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പനികൂര്‍ക്ക, തുളസി, ആവണക്ക് തുടങ്ങിയ 8000ല്‍ പരം വരുന്ന ഔഷധ സസ്യങ്ങളുടെ ശാസ്ത്രിയ വശങ്ങളെ കുറിച്ച് ചടങ്ങില്‍ ഡോക്ടര്‍മാര്‍ സംസാരിച്ചു. ആരോഗ്യ മേഖലയില്‍ കേരളത്തിനുള്ള സമ്പത്ത് വലുതാണെന്നും, പരമ്പരാഗത ചികിത്സാ രീതികളുടെ പുനരുജ്ജീവനത്തിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും മികച്ച കാല്‍വെയ്പ്പാണ് ആയുഷ് കോണ്‍ക്ലേവെന്ന് എന്‍എംപിബി ഡയറക്ടര്‍ ഡോ. കെ സി ചാക്കോ അഭിപ്രായപ്പെട്ടു. ഫാര്‍മേര്‍സ് മീറ്റിനു പുറമെ ഔഷധ സസ്യ കൃഷിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രദര്‍ശനവും, കര്‍ഷകരും ഡോക്ടര്‍മാരും തമ്മിലുള്ള സംവാദവും നടന്നു.
Post Your Comments